കാസർകോട്: പഞ്ചാബിൽനിന്ന് കൊറിയർ വഴി രാസലഹരി എത്തിക്കുന്ന അന്തർസംസ്ഥാന സംഘത്തിന്റെ നീക്കം തകർത്ത് പൊലീസ്. കുമ്പള പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മംഗളൂരു പൊലീസുമായി ചേർന്ന് നടത്തിയ പരിശോധനയിൽ ഉള്ളാളിൽനിന്ന് 1.8 കിലോ എംഡിഎംഎ പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് നാലുപേർ അറസ്റ്റിലായി.
ഷിറിയ ബത്തേരി മഹല്ലിലെ മുഹമ്മദ് അൻസാദിനെ (26) കുമ്പള പൊലീസ് പിടികൂടിയതോടെയാണ് ലഹരിക്കടത്ത് ശൃംഖലയെക്കുറിച്ച് നിർണായക വിവരം ലഭിച്ചത്. ഇയാളിൽനിന്ന് 1.8 ഗ്രാം എംഡിഎംഎയും ലഹരിവിൽപനയിലൂടെ ലഭിച്ചതെന്ന് സംശയിക്കുന്ന 2,97,500 രൂപയും പൊലീസ് കണ്ടെടുത്തു.
അൻസാദ് മുഖേന കൊറിയർ മാർഗം മംഗളൂരുവിലേക്ക് മയക്കുമരുന്ന് എത്തുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കുമ്പള പൊലീസ് മംഗളൂരു പൊലീസിനെ ബന്ധപ്പെട്ടു. തുടർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഉള്ളാളിൽനിന്ന് വൻതോതിൽ എംഡിഎംഎ കണ്ടെത്തിയത്.
കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഹഫീൽ (25), മംഗളൂരു കൂളൂർ കസബ ബെംഗ്രെ സ്വദേശി സിയാവുൾ ഹഖ് (30), മംഗളൂരു പാണ്ഡേശ്വരയിൽ താമസിക്കുന്ന അൽത്താഫ് (28) എന്നിവരെ ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തു.
ലഹരിക്കടത്ത് സംഘത്തിന്റെ ബന്ധങ്ങളും ഇടപാടുകളും കണ്ടെത്തുന്നതിനായി മംഗളൂരു പൊലീസുമായി സഹകരിച്ച് കുമ്പള പൊലീസ് അന്വേഷണം തുടരും.

