കൊച്ചി: സ്ത്രീപീഡനക്കേസുകളിൽ കുറ്റാരോപിതരെ സംരക്ഷിക്കുന്ന നിലപാട് സി.പി.എമ്മിനില്ലെന്ന് മുതിർന്ന നേതാവ് പി.കെ. ശ്രീമതി. തെറ്റ് ചെയ്തവർക്കെതിരെ പാർട്ടി ശക്തമായ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ഇനിയും അങ്ങനെതന്നെയായിരിക്കുമെന്നും മാധ്യമങ്ങളോട് അവർ പറഞ്ഞു.
തനിക്കെതിരായ സൈബർ ആക്രമണം വർധിച്ച സാഹചര്യത്തിലാണ് ഫെയ്സ്ബുക്കിൽ കുറിപ്പിട്ടതെന്ന് ശ്രീമതി വ്യക്തമാക്കി. തന്റെയും എ.കെ. ബാലന്റെയും ചിത്രം പങ്കുവെച്ച് പാലക്കാട്ടേക്ക് പോകുന്നില്ലേയെന്നും ‘തീവ്രത അളക്കാൻ’ പോകുന്നില്ലേയെന്നും ചോദിച്ചുള്ള പരാമർശങ്ങൾ പ്രചരിക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

‘തീവ്രത കുറവാണെന്ന് ഞാൻ പറഞ്ഞതായി തെളിയിക്കാൻ കഴിയുമോ? പറയാത്ത കാര്യം എന്റെ തലയിൽ വെച്ച് അപമാനിക്കാൻ ശ്രമിക്കുന്നത് ശരിയല്ല,’ കോൺഗ്രസ് നേതാവ് ദീപ്തി മേരി വർഗീസിനെ പരാമർശിച്ച് ശ്രീമതി പറഞ്ഞു. ഇത്തരമൊരു പരാമർശം താൻ ആരോടും നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
സുരേഷ് ബാബുവിനെതിരെ നടപടി ഉണ്ടാകുമോയെന്ന ചോദ്യത്തിന്, സ്ത്രീകളെ ഉപദ്രവിച്ചവർക്ക് പാർട്ടിയിൽ സംരക്ഷണം ലഭിക്കില്ലെന്നായിരുന്നു ശ്രീമതിയുടെ മറുപടി. എത്ര ഉന്നതരായാലും സ്ത്രീകളെ പീഡിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിച്ച പാരമ്പര്യമാണ് സി.പി.എമ്മിനുള്ളതെന്നും അവർ അവകാശപ്പെട്ടു.

