
മനാമ: സഅദ വാട്ടർഫ്രണ്ടിനും ബഹ്റൈൻ ബേയ്ക്കും സമീപമുള്ള കടൽമേഖലകളിൽ കോസ്റ്റ് ഗാർഡ് സംയുക്ത പരിശോധനാ കാമ്പയിൻ നടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെയായിരുന്നു പരിശോധന.
നാഷണാലിറ്റി, പാസ്പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് (എൻ.പി.ആർ.എ), ഗതാഗത-ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം, വ്യവസായ-വാണിജ്യ മന്ത്രാലയം, തൊഴിൽ വിപണി നിയന്ത്രണ അതോറിറ്റി (എൽ.എം.ആർ.എ) എന്നിവ പരിശോധനയിൽ പങ്കെടുത്തു.

നാവിക സുരക്ഷാ ചട്ടങ്ങൾ പാലിക്കുന്നുണ്ടോ എന്നായിരുന്നു പ്രധാനമായും പരിശോധിച്ചത്. ആവശ്യമായ സുരക്ഷാ ഉപകരണങ്ങളുടെ ലഭ്യത, ഓട്ടോമാറ്റിക് ഐഡന്റിഫിക്കേഷൻ സിസ്റ്റം (എ.ഐ.എസ്) ഉപകരണങ്ങളുടെ സ്ഥാപിക്കലും പ്രവർത്തനവും, ബോട്ടുകളുടെയും ക്യാപ്റ്റൻമാരുടെയും ലൈസൻസുകളുടെ കാലാവധി എന്നിവ അധികൃതർ പരിശോധിച്ചു.
യാത്രക്കാരെ കടൽമാർഗം കൊണ്ടുപോകാൻ അനുമതിയുള്ള കമ്പനികളുടെ വാണിജ്യ ലൈസൻസുകളും ബന്ധപ്പെട്ട ചട്ടങ്ങൾ പാലിക്കുന്നുണ്ടോയെന്നും പരിശോധിച്ചു. പ്രവാസി തൊഴിലാളികളുടെ രേഖകൾ പരിശോധിച്ചതിൽ ലൈസൻസില്ലാതെ ജോലി ചെയ്യുന്നവരുടെ കേസുകളും കണ്ടെത്തി.
സമുദ്ര പ്രവർത്തനങ്ങൾക്ക് മേൽനോട്ടം ശക്തിപ്പെടുത്താനും നിയമങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാനുമുള്ള ബന്ധപ്പെട്ട വകുപ്പുകളുടെ തുടർച്ചയായ ഏകോപനത്തിന്റെ ഭാഗമായാണ് കാമ്പയിൻ നടത്തിയതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.


