
മനാമ: ബഹ്റൈൻ ടൂറിസം മന്ത്രിയും ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റി ചെയർപേഴ്സണുമായ ഫാത്തിമ ബിൻത് ജാഫർ അൽ സൈറാഫി, മാൾട്ടയിലെ വാലറ്റയിൽ നടക്കുന്ന 26-ാമത് വേൾഡ് ട്രാവൽ ആൻഡ് ടൂറിസം കൗൺസിൽ (ഡബ്ല്യുടിടിസി) ആഗോള ഉച്ചകോടിയിൽ പങ്കെടുത്തു. ഒക്ടോബർ 7 മുതൽ 9 വരെയാണ് ഉച്ചകോടി.
ആഗോള ടൂറിസം മേഖലയിലെ മന്ത്രിമാരും പ്രമുഖ കമ്പനികളുടെ മേധാവികളും പങ്കെടുത്ത ‘ഗ്ലോബൽ ലീഡേഴ്സ് ഡയലോഗ്’ ചർച്ചയിലും മന്ത്രി പങ്കാളിയായി. യാത്രാ-ടൂറിസം മേഖലയിലെ മത്സരക്ഷമതയെ സ്വാധീനിക്കുന്ന മാറ്റങ്ങളും ആഗോള സാഹചര്യങ്ങളോട് വിനോദസഞ്ചാര കേന്ദ്രങ്ങൾ എങ്ങനെ പൊരുത്തപ്പെടണം എന്നതുമായിരുന്നു ചർച്ചാവിഷയങ്ങൾ.

യാത്രക്കാരുടെയും നിക്ഷേപത്തിന്റെയും നീക്കം സുഗമമാക്കുക, സർക്കാരുകളും സ്വകാര്യ മേഖലയും തമ്മിലുള്ള പങ്കാളിത്തം മെച്ചപ്പെടുത്തുക, നിക്ഷേപം ആകർഷിച്ച് സുസ്ഥിര വളർച്ച ഉറപ്പാക്കുക തുടങ്ങിയ വിഷയങ്ങളും ചർച്ച ചെയ്തു.
ഡബ്ല്യുടിടിസിയുടെയും മാൾട്ട ടൂറിസം അതോറിറ്റിയുടെയും ഔദ്യോഗിക ക്ഷണപ്രകാരമാണ് ബഹ്റൈൻ പ്രതിനിധി ഉച്ചകോടിയിൽ പങ്കെടുത്തത്. അന്താരാഷ്ട്ര വേദികളിലെ ബഹ്റൈന്റെ പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള ടൂറിസം പ്രവണതകളെയും മികച്ച പ്രവർത്തനരീതികളെയും കുറിച്ച് അനുഭവങ്ങൾ പങ്കിടാനും സന്ദർശനം അവസരമൊരുക്കി.

‘ഫ്യൂച്ചർ (റീ)സെറ്റ്: ഷേപ്പിങ് ദ ഫ്യൂച്ചർ ഓഫ് ട്രാവൽ ആൻഡ് ടൂറിസം’ എന്ന പ്രമേയത്തിലാണ് ഉച്ചകോടി നടക്കുന്നത്. സുഗമമായ യാത്രാനുഭവങ്ങൾ, നിർമിതബുദ്ധിയുടെ വർധിച്ച സ്വാധീനം, സുസ്ഥിരത, നവീകരണം, സാങ്കേതികവിദ്യ എന്നിവ ടൂറിസം മേഖലയെ എങ്ങനെ മാറ്റിമറിക്കുന്നു എന്നതും ചർച്ചയാകും.
യാത്രാ-ടൂറിസം മേഖലയുടെ ഭാവി ചർച്ച ചെയ്യുന്നതിനും വളർച്ചയെ പിന്തുണയ്ക്കുന്ന നയങ്ങളും നിക്ഷേപാവസരങ്ങളും പരിശോധിക്കുന്നതിനുമായി പൊതുമേഖലയിലെയും സ്വകാര്യ മേഖലയിലെയും നേതാക്കളെ ഒരുമിപ്പിക്കുന്ന പ്രമുഖ അന്താരാഷ്ട്ര വേദികളിലൊന്നാണ് ഡബ്ല്യുടിടിസി ആഗോള ഉച്ചകോടി.


