ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള എംപിമാരുടെ സംഘത്തിന് കൂടിക്കാഴ്ച അനുവദിക്കാത്തതിൽ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചൊവ്വാഴ്ച വൈകിട്ട് നാലുമണിവരെ ഒരു രാഷ്ട്രീയ പാർട്ടിയും ഔദ്യോഗികമായി കൂടിക്കാഴ്ചയ്ക്ക് സമയം തേടിയിരുന്നില്ലെന്ന് കമ്മീഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ചില രാഷ്ട്രീയ പാർട്ടികളും എംപിമാരും കമ്മീഷനെ കാണാൻ ആഗ്രഹിക്കുന്നതായി മാധ്യമ റിപ്പോർട്ടുകളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ പ്രതിപക്ഷ എംപിമാരുടെ സംഘം നിവേദനം നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഡൽഹി പൊലീസാണ് വൈകിട്ട് നാലുമണിയോടെ അറിയിച്ചതെന്നും കമ്മീഷൻ പറഞ്ഞു.
രാഷ്ട്രീയ പാർട്ടികളോ സഖ്യങ്ങളോ കൂടിക്കാഴ്ചയ്ക്ക് ആഗ്രഹിക്കുന്നുവെങ്കിൽ ഔദ്യോഗിക പ്രതിനിധികൾ വഴി മുൻകൂട്ടി അനുമതി തേടണം. തുടർന്ന് ഇരുവിഭാഗത്തിനും സൗകര്യപ്രദമായ സമയമാണ് നിശ്ചയിക്കുന്നതെന്നും കമ്മീഷൻ വിശദീകരിച്ചു.
കൂടിക്കാഴ്ചയ്ക്കുള്ള അപേക്ഷ പരിഗണിക്കുന്നതിനിടെ, 240 എംപിമാരുടെ സംഘവുമായി പാർലമെന്റ് ഹൗസ് അനക്സിൽ കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഡൽഹി പൊലീസ് അറിയിച്ചതായും വാർത്താക്കുറിപ്പിലുണ്ട്. കൂടിക്കാഴ്ചകൾ കമ്മീഷന്റെ ആസ്ഥാനത്താണ് നടത്തേണ്ടതെന്ന പ്രോട്ടോക്കോൾ ഉള്ളതിനാൽ മറ്റൊരു സ്ഥലത്ത് കൂടിക്കാഴ്ച നടത്താനാവില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി.
എംപിമാരിൽ നിന്ന് നിവേദനം സ്വീകരിക്കാൻ മുതിർന്ന ഉദ്യോഗസ്ഥനെ സ്ഥലത്തേക്ക് അയക്കാമെന്ന് കമ്മീഷൻ നിർദേശിച്ചെങ്കിലും എംപിമാർ അത് നിരസിച്ചെന്നാണ് വിശദീകരണം. രാഷ്ട്രീയ പാർട്ടികൾക്ക് എപ്പോൾ വേണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് അപേക്ഷിക്കാം; എന്നാൽ തീയതിയും സമയവും നിശ്ചയിക്കാനുള്ള അധികാരം കമ്മീഷനാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.

