മനാമ: വ്യാപാരികൾക്കും ഇറക്കുമതിക്കാർക്കും ആശ്വാസമായി കസ്റ്റംസ് തീരുവ അടയ്ക്കുന്നതിന് മുമ്പ് ചരക്കുകൾ വെയർഹൗസുകളിൽ സൂക്ഷിക്കാൻ അനുവദിക്കുന്ന പുതിയ ചട്ടങ്ങൾക്ക് ബഹ്റൈൻ അംഗീകാരം നൽകി. 10,000 ബഹ്റൈനി ദിനാറോ അതിലധികമോ മൂല്യമുള്ള ഉൽപ്പന്നങ്ങൾ വാണിജ്യ സമുച്ചയങ്ങളിലെ വെയർഹൗസുകളിൽ താൽക്കാലികമായി സംഭരിക്കാം.
കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് അൽ ഖലീഫ പുറപ്പെടുവിച്ച 2026ലെ ഒന്നാം നമ്പർ ഉത്തരവ് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതോടെ പ്രാബല്യത്തിൽ വന്നു. കസ്റ്റംസ് തീരുവ അടയ്ക്കുന്നതിന് മുമ്പ് ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യാനും സംഭരിക്കാനും പുതിയ സംവിധാനം വ്യാപാരികൾക്ക് അവസരമൊരുക്കും.
ഇത്തരം വെയർഹൗസുകൾ തുടങ്ങാൻ വാണിജ്യ സമുച്ചയങ്ങൾ വ്യവസായ-വാണിജ്യ മന്ത്രാലയത്തിന്റെ അനുമതിയും കസ്റ്റംസ് പ്രസിഡന്റിന്റെ ലൈസൻസും നേടണം. ചരക്കുകളുടെ നീക്കം നിരീക്ഷിക്കാൻ അംഗീകൃത ഇലക്ട്രോണിക് സംവിധാനവും വെയർഹൗസുകളിൽ നിർബന്ധമാക്കിയിട്ടുണ്ട്.
സാധാരണയായി ചരക്കുകൾ ഒരു വർഷം വരെ സൂക്ഷിക്കാം. കസ്റ്റംസ് വകുപ്പിന്റെ മുൻകൂർ അനുമതിയോടെ കാലാവധി പരമാവധി മൂന്ന് വർഷം വരെ നീട്ടാനും വ്യവസ്ഥയുണ്ട്. നിശ്ചിത ഉപാധികളോടെ ഉൽപ്പന്നങ്ങൾ വിഭജിക്കാനും അനുവാദമുണ്ടാകും. ചരക്കുകളുടെ സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും വെയർഹൗസ് നടത്തിപ്പുകാരനാകും ബാധ്യസ്ഥൻ. ജി.സി.സി ഏകീകൃത കസ്റ്റംസ് നിയമത്തിന്റെ ഭാഗമായാണ് പരിഷ്കാരം നടപ്പാക്കിയത്.

