ന്യൂഡൽഹി: അതിർത്തിയിലെ നുഴഞ്ഞുകയറ്റവുമായി ബന്ധപ്പെട്ട് പാകിസ്ഥാൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി ഇന്ത്യ താക്കീത് നൽകി. ഫിറോസ്പൂരിലെ അന്താരാഷ്ട്ര അതിർത്തിയിൽ രണ്ട് പാകിസ്ഥാൻ പൗരന്മാരെ ഇന്ത്യൻ സേന പ്രകോപനമില്ലാതെ വെടിവെച്ച് കൊലപ്പെടുത്തിയെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളി.
മുന്നറിയിപ്പുകൾ ആവർത്തിച്ച് നൽകിയിട്ടും മൂന്ന് പേർ ഇന്ത്യൻ അതിർത്തിയിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മയക്കുമരുന്ന് കടത്തുന്നതിനായുള്ള ശ്രമമാണ് നടന്നതെന്നും ഇന്ത്യ അറിയിച്ചു.
മുന്നറിയിപ്പുകൾ തുടർച്ചയായി അവഗണിച്ചതിനെത്തുടർന്നാണ് അതിർത്തിരക്ഷാസേനയ്ക്ക് നടപടി സ്വീകരിക്കേണ്ടിവന്നതെന്ന് ഇന്ത്യ വ്യക്തമാക്കി. നുഴഞ്ഞുകയറ്റവും മയക്കുമരുന്ന് കടത്തും തടയുന്നതിന് പാകിസ്ഥാൻ കർശന നടപടി സ്വീകരിക്കണമെന്നും നയതന്ത്ര പ്രതിനിധിയോട് ആവശ്യപ്പെട്ടു.

