
മനാമ: ഇന്ത്യൻ സ്കൂളിൽ വെള്ളിയാഴ്ച നടന്ന പ്രത്യേക ജനറൽ ബോഡി യോഗത്തിൽ രക്ഷിതാക്കളുടെ അഭിപ്രായങ്ങളും എതിർപ്പുകളും നിർദേശങ്ങളും പരിഗണിക്കാതെയാണ് നടപടികൾ മുന്നോട്ടുകൊണ്ടുപോയതെന്ന് യു.പി.പി ആരോപിച്ചു. നിലവിലെ ഭരണഘടനയിലെ വ്യവസ്ഥകൾ പാലിക്കാതെയും ഏകപക്ഷീയമായും യോഗനടപടികൾ നടത്തിയെന്ന് പത്രസമ്മേളനത്തിൽ യു.പി.പി നേതാക്കൾ ആരോപിച്ചു.
അക്കാദമിക വിഷയങ്ങൾ ഒഴികെയുള്ള സാമ്പത്തികം, ഭരണഘടനാ ഭേദഗതി തുടങ്ങിയ അടിസ്ഥാനപരമായ വിഷയങ്ങളിൽ വോട്ടെടുപ്പിലൂടെ ഭൂരിപക്ഷത്തിന്റെ അംഗീകാരം തേടണമെന്നാണ് ഇന്ത്യൻ സ്കൂൾ ഭരണഘടന അനുശാസിക്കുന്നതെന്നും യു.പി.പി ചൂണ്ടിക്കാട്ടി. എന്നാൽ വോട്ടെടുപ്പ് നടത്തണമെന്ന രക്ഷിതാക്കളുടെ ആവശ്യം അധ്യക്ഷൻ അംഗീകരിച്ചില്ലെന്നാണ് ആരോപണം.
യോഗത്തിൽ രക്ഷിതാക്കളെ അഭിസംബോധന ചെയ്യാൻ ശ്രമിച്ച ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി അംഗത്തിനും സ്റ്റാഫ് പ്രതിനിധിയായ മുതിർന്ന അധ്യാപികയ്ക്കും സംസാരിക്കാൻ അവസരം നിഷേധിച്ചതായും, കോപിതനായി പെരുമാറുകയും ചെയ്തതായി യു.പി.പി പറഞ്ഞു. ഭരണസമിതിയുടെ നിലപാടുകളെ ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയാണ് ഇതിന് കാരണമെന്നും സംഘടന ആരോപിച്ചു.
ഫീസ് കുടിശ്ശിക സംബന്ധിച്ച അജണ്ടയിലും രക്ഷിതാക്കൾക്ക് തിരിച്ചടിയുണ്ടായതായി യു.പി.പി ആരോപിച്ചു. രണ്ട് മാസമോ അതിൽ കുറവോ ഫീസ് കുടിശ്ശികയുള്ള രക്ഷിതാക്കൾക്ക് ജനറൽ ബോഡിയിൽ പങ്കെടുക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള നിലവിലെ അവകാശം നിഷേധിച്ചത് കുറഞ്ഞ വരുമാനക്കാരായ കുടുംബങ്ങളെ ബാധിക്കുമെന്നാണ് യു.പി.പി നിലപാട്.
കോമേഴ്സ്യൽ രജിസ്ട്രേഷൻ സംബന്ധിച്ച അജണ്ടയിൽ സ്കൂളിന്റെ പേരിൽ സി.ആർ എടുക്കാൻ രക്ഷിതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചിരുന്നുവെന്ന് യു.പി.പി വ്യക്തമാക്കി. എന്നാൽ പ്രാർഥനാ ഇടവേളയ്ക്ക് ശേഷം ഭരണഘടനാ മാറ്റത്തിനും തീരുമാനമായെന്ന് അധ്യക്ഷൻ പ്രഖ്യാപിച്ചതാണ് ആശയക്കുഴപ്പത്തിനും തർക്കത്തിനും ഇടയാക്കിയതെന്നും സംഘടന ആരോപിച്ചു.
ഭരണഘടനാ ഭേദഗതിയുടെ കരടിൽ അക്ഷരത്തെറ്റുകളും മറ്റ് പിഴവുകളും ഉണ്ടെന്ന് രക്ഷിതാക്കൾ ചൂണ്ടിക്കാട്ടിയതായും, ചർച്ചയും അംഗീകാരവും ഇല്ലാതെ മാറ്റങ്ങൾ നടപ്പാക്കാനാകില്ലെന്നും യു.പി.പി വ്യക്തമാക്കി. തുടർന്ന് വോട്ടെടുപ്പ് ആവശ്യപ്പെട്ട ഭൂരിപക്ഷം രക്ഷിതാക്കളുടെയും ആവശ്യം അംഗീകരിക്കാതെയാണ് യോഗം പെട്ടെന്ന് അവസാനിപ്പിച്ചതെന്നും ആരോപിച്ചു.
യോഗത്തിലെ നാലാമത്തെ അജണ്ടയായ കെട്ടിടനിർമാണ വിഷയം പോലും അവതരിപ്പിക്കുകയോ വിശദീകരിക്കുകയോ ചെയ്തില്ലെന്നും യു.പി.പി പറഞ്ഞു. ഭരണഘടന സംബന്ധിച്ച ചർച്ചയ്ക്കായി ഉടൻ മറ്റൊരു ജനറൽ ബോഡി വിളിക്കാമെന്ന ഉറപ്പോടെയാണ് യോഗം അവസാനിപ്പിച്ചതെന്നും, എന്നാൽ പിന്നീട് എല്ലാ അജണ്ടകളും പാസായതായി സ്കൂൾ സർക്കുലർ ഇറക്കിയെന്നും യു.പി.പി ആരോപിച്ചു.
രക്ഷിതാക്കളുടെ അംഗീകാരം ജനാധിപത്യപരമായ രീതിയിൽ തേടുന്നതിനായി എത്രയും വേഗം മറ്റൊരു ജനറൽ ബോഡി യോഗം വിളിക്കണമെന്ന് യു.പി.പി ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തിൽ ഖിലർ വലിയകത്ത്, എഫ്.എം. ഫൈസൽ, ഡോ. ശ്രീദേവി, ഫിലിപ്പ് കറുകച്ചാൽ, ചന്ദ്രബോസ്, ഷിബിൻ തോമസ്, റെജീന ഇസ്മായിൽ, സന്ധ്യ സതീഷ്, ഫഹദ് എന്നിവർ പങ്കെടുത്തു.


