പഴയന്നൂർ: വീട്ടിൽനിന്ന് ബ്രഡും ജാമും കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഗൃഹനാഥൻ ചികിത്സയിലിരിക്കെ മരിച്ചു. നീർണമുക്ക് കുന്നത്ത് വീട്ടിൽ വിനോദ് കുമാർ (60) ആണ് മരിച്ചത്. സംഭവത്തിൽ ഭക്ഷ്യവിഷബാധയുണ്ടായോയെന്ന് പരിശോധിച്ചുവരികയാണ്.
ശനിയാഴ്ച രാത്രി വിനോദ് കുമാറും മക്കളായ വിദ്യയും വൃന്ദയും വീട്ടിൽ ബ്രഡും ജാമും കഴിച്ചിരുന്നു. പിന്നാലെ മൂവർക്കും ഛർദ്ദിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. തുടർന്ന് ഇവരെ ആംബുലൻസിൽ ഒറ്റപ്പാലത്തെ വള്ളുവനാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് ചികിത്സയിലായിരുന്ന വിനോദ് കുമാർ ഞായറാഴ്ച പുലർച്ചെ 3.20ഓടെ മരിച്ചു. ഒരു മകൾ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു. മറ്റൊരു മകളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
മരണകാരണം ഭക്ഷ്യവിഷബാധയാണോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടും ആന്തരികാവയവങ്ങളുടെ ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ലഭിച്ച ശേഷമേ സ്ഥിരീകരിക്കാനാകൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
മരിച്ച വിനോദ് കുമാറിന്റെ ബന്ധുവായ ജിതിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തു. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അന്വേഷണം ആരംഭിച്ചു.

