കൊല്ലം: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കൊല്ലം സന്ദർശനത്തോടനുബന്ധിച്ച് ശനിയാഴ്ച ജില്ലയിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഉച്ചയ്ക്ക് ഒന്നുമുതൽ വൈകിട്ട് അഞ്ചുവരെ ചിന്നക്കട മുതൽ ആറുമുറിക്കട വരെയുള്ള റോഡിൽ വാഹന ഗതാഗതത്തിന് നിയന്ത്രണമുണ്ടാകും. റോഡരികിലെ പാർക്കിങ്ങിനും പൂർണ വിലക്കേർപ്പെടുത്തി.
നിയമം ലംഘിച്ച് പാർക്ക് ചെയ്യുന്ന വാഹനങ്ങൾ റിക്കവറി വാഹനമുപയോഗിച്ച് നീക്കം ചെയ്യുമെന്ന് പൊലീസ് അറിയിച്ചു. യാത്രക്കാരുടെ സൗകര്യത്തിനായി വിവിധ ബദൽ റൂട്ടുകളും ക്രമീകരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയിൽനിന്ന് കൊല്ലത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ അമ്പലത്തുംകാല–കരിപ്ര–മടന്തകോണം–നെടുമൺകാവ്–നല്ലില–പാലമുക്ക്–കണ്ണനല്ലൂർ വഴി പോകണം. ലൈറ്റ് മോട്ടോർ വാഹനങ്ങളും ഇരുചക്രവാഹനങ്ങളും ആറുമുറിക്കടയിൽനിന്ന് കുഴിമതിക്കാട്–പി.കെ.പി. കവല–യു.പി.എസ്. ജങ്ഷൻ–പെരുമ്പുഴ–കണ്ണനല്ലൂർ വഴി തിരിഞ്ഞുപോകണം.
കണ്ണനല്ലൂരിൽനിന്ന് കൊട്ടാരക്കര ഭാഗത്തേക്കുള്ള വാഹനങ്ങൾ പെരുമ്പുഴ–പി.കെ.പി. ജങ്ഷൻ–കുഴിമതിക്കാട്–ആറുമുറിക്കട റൂട്ടും, ഭരണിക്കാവ് ഭാഗത്തേക്കുള്ള വാഹനങ്ങൾ ചീരങ്കാവ്–പവിത്രേശ്വരം റൂട്ടും ഉപയോഗിക്കണം.
ഭരണിക്കാവിൽനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ മൂന്നുമുക്ക്–പവിത്രേശ്വരം–ചീരങ്കാവ് വഴിയും കൊല്ലം ഭാഗത്തേക്കുള്ള വാഹനങ്ങൾ പേരയം–ഇളമ്പള്ളൂർ–അഞ്ചാലുംമൂട് വഴിയും സഞ്ചരിക്കണം. കൊല്ലത്തുനിന്ന് കൊട്ടാരക്കരയിലേക്ക് പോകുന്ന വാഹനങ്ങൾ സാരഥി ജങ്ഷൻ–മൊയ്തീൻമുക്ക്–പെരുമ്പുഴ–പി.കെ.പി. ജങ്ഷൻ വഴി പോകേണ്ടതാണ്.
അമിത് ഷാ നാളെ രണ്ട് പ്രധാന പരിപാടികളിലാണ് പങ്കെടുക്കുന്നത്. കുണ്ടറ പവിത്രം കൺവൻഷൻ സെന്ററിൽ നടക്കുന്ന ‘സഹകരണത്തിലൂടെ സമൃദ്ധി’ പരിപാടിയിൽ ഉച്ചയ്ക്ക് 2.45 മുതൽ 4.15 വരെ പങ്കെടുക്കുന്ന അദ്ദേഹം വനിതാ കർഷക സംരംഭത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. തുടർന്ന് മാതാ അമൃതാനന്ദമയി മഠത്തിലെത്തുന്ന മന്ത്രി വൈകിട്ട് അഞ്ചിന് നടക്കുന്ന പൊതുപരിപാടിയും ഉദ്ഘാടനം ചെയ്യും.

