മനാമ: പ്രവാസി മലയാളികളുടെ ഔദ്യോഗിക പ്രതിനിധി വേദിയായ ലോക കേരളസഭ തുടർന്നു കൊണ്ടുപോകില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയിൽ ബഹ്റൈൻ പ്രതിഭ പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാസി സമൂഹത്തിന് സംസ്ഥാന സർക്കാരുമായി നേരിട്ട് ആശയവിനിമയം നടത്താനും അവരുടെ പ്രശ്നങ്ങൾ ഔദ്യോഗികമായി ഭരണാധികാരികളുടെ ശ്രദ്ധയിൽപ്പെടുത്താനും സാധിച്ചിരുന്ന സുപ്രധാന സംവിധാനമാണ് ലോക കേരളസഭയെന്ന് പ്രതിഭ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
2018ൽ രൂപീകൃതമായ ലോക കേരളസഭ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളി പ്രവാസികളുടെ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക ശേഷിയെ കേരളത്തിന്റെ വികസനവുമായി കൂട്ടിയിണക്കുന്നതിൽ മികച്ച പങ്ക് വഹിച്ചിട്ടുണ്ട്. നിയമസഭാംഗങ്ങളും പ്രവാസി പ്രതിനിധികളും ഉൾപ്പെടുന്ന ജനാധിപത്യ വേദിയെ ഉപേക്ഷിക്കുന്നത് പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് സംഘടന ചൂണ്ടിക്കാട്ടി.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ ക്ഷേമത്തിനും സർക്കാരുമായുള്ള നിരന്തര ആശയവിനിമയത്തിനും ശക്തമായ ഔദ്യോഗിക സംവിധാനം അനിവാര്യമാണ്. പ്രവാസി പ്രാതിനിധ്യം ഇല്ലാതാക്കുന്നത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും പ്രതിഭ അഭിപ്രായപ്പെട്ടു.
ലോക കേരളസഭ പിരിച്ചുവിടാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണം. പ്രവാസി സമൂഹത്തിന്റെ വികസന പങ്കാളിത്തവും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് ഈ സംവിധാനം കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകണമെന്നും ബഹ്റൈൻ പ്രതിഭ ജനറൽ സെക്രട്ടറി വി.കെ. സുലേഷും പ്രസിഡന്റ് കെ.വി. മഹേഷും വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

