മനാമ: പ്രവാസി മലയാളികളുടെ ജനാധിപത്യ വേദിയായ ലോക കേരളസഭ പിരിച്ചുവിടാനുള്ള മന്ത്രിസഭാ തീരുമാനം പ്രതിഷേധാർഹമാണെന്ന് ബഹ്റൈൻ നവകേരള അഭിപ്രായപ്പെട്ടു.
ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങളും അഭിപ്രായങ്ങളും കേരളത്തിന്റെ വികസന ചർച്ചകളിൽ നേരിട്ട് അവതരിപ്പിക്കാൻ അവസരം നൽകിയ പ്രധാന വേദിയാണ് ലോക കേരളസഭ. 2018ൽ ആരംഭിച്ച ഈ വേദി പ്രവാസി ക്ഷേമം, തൊഴിൽ, നിക്ഷേപം, പുനരധിവാസം തുടങ്ങിയ വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കിയതായും സംഘടന വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
ലോക കേരളസഭയിലെ തീരുമാനങ്ങളിൽ ചിലത് നടപ്പാക്കുന്നതിൽ വീഴ്ചകളുണ്ടെങ്കിൽ അവ പരിഹരിക്കുകയാണ് വേണ്ടത്. പോരായ്മകൾ ചൂണ്ടിക്കാട്ടി വേദി തന്നെ ഇല്ലാതാക്കുന്നത് പരിഹാരമല്ലെന്നും, പകരം പ്രവാസികളുടെ പങ്കാളിത്തം ശക്തിപ്പെടുത്തി സഭയെ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കണമെന്നും ബഹ്റൈൻ നവകേരള ആവശ്യപ്പെട്ടു.
കേരളത്തിന്റെ സമ്പദ്വ്യവസ്ഥയിൽ നിർണായക പങ്കുവഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ അഭിപ്രായങ്ങൾ കേൾക്കാനും അവരുടെ പ്രശ്നങ്ങൾ ഉന്നയിക്കാനും നയരൂപീകരണത്തിൽ പങ്കാളികളാകാനും കഴിയുന്ന ജനാധിപത്യ വേദി അനിവാര്യമാണ്. പ്രവാസികളുടെ സാമ്പത്തിക സംഭാവന മാത്രം ലക്ഷ്യമിടാതെ അവരുടെ അവകാശങ്ങൾ, ക്ഷേമം, സാമൂഹിക സുരക്ഷ എന്നിവയ്ക്കും പ്രാധാന്യം നൽകണമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
ലോക കേരളസഭയുടെ പ്രവർത്തനങ്ങളിൽ ആവശ്യമെങ്കിൽ പരിഷ്കാരങ്ങൾ വരുത്തി അത് തുടരണമെന്നും, പ്രവാസി സംഘടനകളുമായും പ്രതിനിധികളുമായും ചർച്ച നടത്തി മാത്രമേ ഇത്തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും ബഹ്റൈൻ നവകേരള വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

