തിരുവനന്തപുരം: തുടർച്ചയായി ആറുമാസം റേഷൻ വിഹിതം കൈപ്പറ്റാത്ത കുടുംബങ്ങളുടെ റേഷൻ കാർഡുകൾ മരവിപ്പിക്കുകയോ റദ്ദാക്കുകയോ ചെയ്യാൻ കേന്ദ്ര സർക്കാർ നിർദേശം നൽകിയതായി റിപ്പോർട്ട്. അടുത്ത മാസം മുതൽ കേന്ദ്ര പദ്ധതിയായ ‘സ്മാർട്ട് പി.ഡി.എസ്’ കേരളത്തിൽ പ്രാബല്യത്തിൽ വരുന്നതോടെ സംസ്ഥാനത്തെ ആറുലക്ഷത്തിലധികം റേഷൻ കാർഡുകൾ പരിശോധനയ്ക്ക് വിധേയമായേക്കും. ഇതിലൂടെ 16 ലക്ഷത്തിലധികം ഗുണഭോക്താക്കളെ നടപടി ബാധിക്കുമെന്നാണ് സൂചന.
മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെട്ട 44,279 കാർഡുകൾ പട്ടികയിൽനിന്ന് പുറത്താകാനും സാധ്യതയുണ്ട്. ദീർഘകാലമായി റേഷൻ വാങ്ങാത്തവരെയും അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വച്ചിരിക്കുന്നവരെയും കണ്ടെത്തുകയാണ് നടപടിയുടെ ലക്ഷ്യം.
പൊതുവിതരണ സംവിധാനത്തിന്റെ ആധുനികവത്കരണത്തിനായി നടപ്പാക്കുന്ന ‘സ്കീം ഫോർ മോഡേണൈസേഷൻ ആൻഡ് റിഫോംസ് ത്രൂ ടെക്നോളജി ഇൻ പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം’ എന്ന പദ്ധതിയാണ് സ്മാർട്ട് പി.ഡി.എസ്. സംസ്ഥാനത്തെ പൊതുവിതരണ ശൃംഖലയെ കേന്ദ്രീകൃത സെർവറുമായി ബന്ധിപ്പിച്ച് റേഷൻ വിതരണം കേന്ദ്രതലത്തിൽ നേരിട്ട് നിരീക്ഷിക്കുന്നതാണ് സംവിധാനം.
2024-ലാണ് കേരളം പദ്ധതിയിൽ ചേരുന്നതിനായി കേന്ദ്രവുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നിലധികം റേഷൻ കാർഡുകളിൽ ഒരേ വ്യക്തിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ടോയെന്നും പുതിയ സോഫ്റ്റ്വെയറിലൂടെ കണ്ടെത്താനാകും.
ആദ്യഘട്ടത്തിൽ പുറത്താകുക 44,279 മുൻഗണനാ കാർഡുകൾ
സ്മാർട്ട് പി.ഡി.എസ് പദ്ധതിയുടെ ആദ്യഘട്ടത്തിൽ മഞ്ഞ, പിങ്ക് വിഭാഗങ്ങളിലുള്ള മുൻഗണനാ കാർഡുകളിലാണ് പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ ആറുമാസത്തിനിടെ ഒരുതവണപോലും റേഷൻ വാങ്ങാത്ത 44,279 കുടുംബങ്ങളെ മുൻഗണനാ പട്ടികയിൽനിന്ന് ഒഴിവാക്കിയേക്കും.
ഇതിൽ 5,370 അന്ത്യോദയ അന്നയോജന (എ.എ.വൈ–മഞ്ഞ) കാർഡുകളിലായി 6,401 ഗുണഭോക്താക്കളും 38,909 മുൻഗണനാ വിഭാഗം (പി.എച്ച്.എച്ച്–പിങ്ക്) കാർഡുകളിലായി 60,300 ഗുണഭോക്താക്കളുമാണുള്ളത്.
മുൻഗണനേതര വിഭാഗങ്ങളിൽ ആകെ 5,62,494 കാർഡുകളാണ് ആറുമാസമായി റേഷൻ വാങ്ങാതെ നിർജീവമായി കിടക്കുന്നത്. ഇതിൽ:
- എൻ.പി.എൻ.എസ് (വെള്ള) വിഭാഗത്തിൽ 4,33,811 കാർഡുകൾ
- എൻ.പി.എസ് (നീല) വിഭാഗത്തിൽ 1,19,166 കാർഡുകൾ
- എൻ.പി.ഐ (ബ്രൗൺ) വിഭാഗത്തിൽ 9,517 സ്ഥാപന കാർഡുകൾ
റേഷൻ ധാന്യങ്ങൾ കരിഞ്ചന്തയിലേക്ക്; നിരീക്ഷണം ശക്തമാക്കി
ഉപഭോക്താക്കൾ ദീർഘകാലമായി കൈപ്പറ്റാതെ കിടക്കുന്ന റേഷൻ വിഹിതം ഉദ്യോഗസ്ഥരുടെയും മൊത്തവ്യാപാരികളുടെയും ഒത്തുകളിയിലൂടെ കരിഞ്ചന്തയിലേക്ക് ചോർത്തുന്നതായി വിവരം ലഭിച്ചതിനെത്തുടർന്നാണ് കേന്ദ്ര ഭക്ഷ്യമന്ത്രാലയം നിരീക്ഷണം ശക്തമാക്കാൻ നിർദേശിച്ചതെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ ഓണക്കാലത്ത് തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടത്തിയ പരിശോധനകളിൽ ഭക്ഷ്യ-സിവിൽ സപ്ലൈസ് വിജിലൻസ് വിഭാഗം 75,000 കിലോഗ്രാം റേഷൻ അരി പിടിച്ചെടുത്തിരുന്നു. അടുത്തിടെ പാറശ്ശാലയിലെ ഒരു വീട്ടിൽനിന്ന് ആറായിരത്തോളം കിലോഗ്രാം അരിയും ഗോതമ്പും പിടികൂടിയതായും അധികൃതർ അറിയിച്ചു.
തമിഴ്നാട്ടിൽ സൗജന്യമായി വിതരണം ചെയ്യുന്ന റേഷൻ അരി അതിർത്തി കടത്തി കേരളത്തിലെ രഹസ്യ ഗോഡൗണുകളിൽ സൂക്ഷിക്കുകയും പിന്നീട് പോളിഷ് ചെയ്ത് ബ്രാൻഡഡ് ചാക്കുകളിലാക്കി വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ പ്രവർത്തിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. കിലോഗ്രാമിന് 48 മുതൽ 56 രൂപവരെ വിലയ്ക്കാണ് ഇത്തരത്തിലുള്ള അരി പൊതുവിപണിയിൽ വിൽക്കുന്നതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അർഹർക്ക് പുതിയ അവസരം; ഇ-കെവൈസി നിർബന്ധം
റേഷൻ വാങ്ങാത്ത മുൻഗണനാ കാർഡുകൾ ഒഴിവാക്കുന്നതോടെ അർഹരായ നിർധന കുടുംബങ്ങൾക്ക് പട്ടികയിൽ ഇടം ലഭിക്കും. മരവിപ്പിച്ച കാർഡുകൾ പുനഃസ്ഥാപിക്കാൻ മൂന്നുമാസത്തിനകം എല്ലാ അംഗങ്ങളും ബയോമെട്രിക് ഇ-കെവൈസി പൂർത്തിയാക്കി റേഷൻ വാങ്ങണം. അർഹതയുള്ളവർക്ക് അക്ഷയ കേന്ദ്രങ്ങളിലൂടെ പുനഃപരിശോധനയ്ക്ക് അപേക്ഷിക്കാം. ഒന്നിലധികം കാർഡുകളിൽ പേരുള്ളവർ ഒരു കാർഡ് മാത്രം നിലനിർത്തണം.

