
മനാമ: മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി താരതമ്യം ചെയ്തുള്ള വ്യാപാര മിച്ചത്തിൽ അറബ് ലോകത്ത് ബഹ്റൈൻ ഒന്നാം സ്ഥാനത്തെത്തി. 2025ൽ രാജ്യത്തിന്റെ വ്യാപാര മിച്ചം ജിഡിപിയുടെ 33.2 ശതമാനമായതായി പുതിയ പഠനം വ്യക്തമാക്കുന്നു.
ലോക വ്യാപാര സംഘടനയുടെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ബഹ്റൈന്റെ മുന്നേറ്റം രേഖപ്പെടുത്തിയത്.
ജിഡിപിയുടെ 27.8 ശതമാനം വ്യാപാര മിച്ചവുമായി യുഎഇയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ലിബിയ 24.1 ശതമാനവുമായി മൂന്നാമതും ഖത്തർ 19.5 ശതമാനവുമായി നാലാമതുമെത്തി.
ഇറക്കുമതിയെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിഞ്ഞതാണ് ബഹ്റൈന് നേട്ടമായത്. രാജ്യത്തിന്റെ വിദേശ വ്യാപാര ശേഷിയും ബാഹ്യ സാമ്പത്തിക മേഖലയുടെ കരുത്തുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
എണ്ണയിതര മേഖലകളുടെ മികച്ച പ്രകടനം, പുനർകയറ്റുമതിയിലെ മുന്നേറ്റം, എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ എന്നിവ വ്യാപാര മിച്ചം ഉയരാൻ സഹായിച്ച പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക വൈവിധ്യവത്കരണത്തിനായി ബഹ്റൈൻ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതിന്റെ സൂചനയായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.


