ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 6,726.6 കോടി രൂപയായിരുന്നു. മേയ് ആറിന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു.
അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഏകദേശം 160 കോടി രൂപ ചെലവഴിച്ചു. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടത് അസമിലാണ്—96.3 കോടി രൂപ. തമിഴ്നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയുമാണ് ചെലവഴിച്ചത്.
അതേസമയം, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പശ്ചിമ ബംഗാളിൽ ബിജെപി ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയപ്പോൾ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു.

