കൊച്ചി: മിനിമം യാത്രാനിരക്ക് 15 രൂപയായി വർധിപ്പിക്കണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുടമകൾ സമരത്തിനൊരുങ്ങുന്നു. ഡീസലിന് സബ്സിഡി അനുവദിക്കുക, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും ബസുടമകൾ മുന്നോട്ടുവച്ചിട്ടുണ്ട്. സമരം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം മറ്റന്നാൾ ഉണ്ടായേക്കും.
സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഹരിക്കുന്നതിനായി സർക്കാർ നിയോഗിച്ച വിദഗ്ധസമിതിയുടെ റിപ്പോർട്ടിലെ ശുപാർശകൾ അപര്യാപ്തമാണെന്നാണ് ബസുടമകളുടെ നിലപാട്. സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ‘പ്രിയദർശിനി’ പദ്ധതി സ്വകാര്യ ബസുകൾക്ക് കനത്ത സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതായും അവർ ആരോപിക്കുന്നു.
ഈ നഷ്ടം പരിഹരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ വിദഗ്ധസമിതിയുടെ റിപ്പോർട്ടിലില്ലെന്നും നിലവിലെ സാഹചര്യത്തിൽ സ്വകാര്യ ബസ് സർവീസുകൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിയാത്ത അവസ്ഥയാണെന്നും സംഘടനകൾ ചൂണ്ടിക്കാട്ടി.
തുടർനടപടികൾ തീരുമാനിക്കുന്നതിനായി സ്വകാര്യ ബസുടമകളുടെ സംഘടനകൾ സെപ്റ്റംബർ എട്ടിന് പാലക്കാട്ട് യോഗം ചേരും. സംസ്ഥാനവ്യാപകമായി സ്വകാര്യ ബസ് സർവീസുകൾ നിർത്തിവയ്ക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ യോഗത്തിൽ തീരുമാനമുണ്ടാകുമെന്നാണ് അറിയിപ്പ്.

