മനാമ: ജീവകാരുണ്യവും മാനുഷികസേവനവും ബഹ്റൈനി സമൂഹത്തിന്റെ ഐക്യദാർഢ്യം, സഹാനുഭൂതി, ഉദാരത എന്നീ മൂല്യങ്ങളിൽ അധിഷ്ഠിതമായ ഉറച്ച ദേശീയ സമീപനമാണെന്ന് സാമൂഹിക വികസന മന്ത്രി ഒസാമ ബിൻ സാലിഹ് അൽ അലവി പറഞ്ഞു.
സെപ്റ്റംബർ അഞ്ചിന് ആചരിക്കുന്ന അന്താരാഷ്ട്ര ജീവകാരുണ്യ ദിനത്തോടനുബന്ധിച്ചാണ് മന്ത്രിയുടെ പ്രസ്താവന. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വർധിപ്പിക്കാനും സമൂഹത്തിൽ സുസ്ഥിരമായ ഗുണഫലങ്ങൾ സൃഷ്ടിക്കുന്ന സംരംഭങ്ങളെ പരിചയപ്പെടുത്താനുമുള്ള അവസരമാണ് ഈ ദിനാചരണമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഹമദ് ബിൻ ഈസ അൽ ഖലീഫ രാജാവിന്റെ ദർശനവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശങ്ങളും രാജ്യത്തെ സാമൂഹിക ഐക്യം ശക്തിപ്പെടുത്തുന്നതിനും വിവിധ മേഖലകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സഹായിച്ചതായി മന്ത്രി പറഞ്ഞു.
രാജാവിന്റെ മാനുഷിക പ്രവർത്തന–യുവജനകാര്യ പ്രതിനിധിയും റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷൻ ട്രസ്റ്റി ബോർഡ് ചെയർമാനുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തെയും മന്ത്രി പ്രശംസിച്ചു. ബഹ്റൈനകത്തും വിദേശത്തും ദുരിതാശ്വാസ, മാനുഷിക സേവന മേഖലകളിൽ ഫൗണ്ടേഷൻ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക വികസന പ്രവർത്തനങ്ങൾക്കും ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ജീവകാരുണ്യ പ്രവർത്തനം നിർണായക പങ്കുവഹിക്കുന്നതായി മന്ത്രി പറഞ്ഞു. സന്നദ്ധ സംഘടനകളും ചാരിറ്റബിൾ സ്ഥാപനങ്ങളും സന്നദ്ധപ്രവർത്തകരും സമൂഹത്തിന് നൽകുന്ന സേവനങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു.
ഗുണഭോക്താക്കളെ ശാക്തീകരിക്കുന്നതും അവരുടെ ശേഷി വർധിപ്പിക്കുന്നതുമായ സാമൂഹിക–വികസന പദ്ധതികൾ കൂടുതൽ വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദേശീയ നിയമങ്ങളുടെ പരിധിയിൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനൊപ്പം സിവിൽ സൊസൈറ്റി സംഘടനകൾക്ക് സാങ്കേതികവും തൊഴിൽപരവുമായ പിന്തുണ നൽകുന്നത് സാമൂഹിക വികസന മന്ത്രാലയം തുടരുമെന്നും മന്ത്രി അറിയിച്ചു

