
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണം കോവിഡ് നിയന്ത്രണങ്ങൾക്ക് മുൻപുണ്ടായിരുന്ന നിലയെയും മറികടന്നു. സിവിൽ ഏവിയേഷൻ അഫയേഴ്സ് പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ജൂലൈയിൽ 7,12,357 യാത്രക്കാരാണ് വിമാനത്താവളം വഴി സഞ്ചരിച്ചത്.
ജൂണിൽ രേഖപ്പെടുത്തിയ 6,43,725 യാത്രക്കാരുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിലെ വർധന 10.7 ശതമാനമാണ്.
ഇറാൻ ആക്രമണങ്ങളെത്തുടർന്ന് വ്യോമപാത അടച്ചിട്ടതിന് ശേഷം ഏപ്രിൽ എട്ടിനാണ് ബഹ്റൈൻ വിമാന സർവീസുകൾ പുനരാരംഭിച്ചത്. ഏപ്രിലിൽ 76,400 യാത്രക്കാരാണ് വിമാനത്താവളം ഉപയോഗിച്ചത്. മേയിൽ ഇത് 4,87,100 ആയും ജൂണിൽ 6,43,725 ആയും ഉയർന്നു. ജൂലൈയിൽ യാത്രക്കാരുടെ എണ്ണം 7.12 ലക്ഷം കടന്നതോടെ മൂന്ന് മാസത്തിനിടെ 832.4 ശതമാനത്തിന്റെ വളർച്ചയാണ് രേഖപ്പെടുത്തിയത്.
വിമാന സർവീസുകളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനയുണ്ടായി. ജൂലൈയിൽ ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 6,542 വിമാന സർവീസുകളാണ് രേഖപ്പെടുത്തിയത്. ബഹ്റൈൻ വ്യോമപാതയിലൂടെ കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വർധനയുണ്ടായതായി കണക്കുകൾ വ്യക്തമാക്കുന്നു.
കാർഗോ മേഖലയിലും മികച്ച പ്രകടനമാണ് രേഖപ്പെടുത്തിയത്. ജൂലൈയിൽ മാത്രം വിമാനത്താവളം വഴി 20,263 ടൺ ചരക്കാണ് കൈകാര്യം ചെയ്തത്. യാത്രക്കാരുടെയും വിമാന സർവീസുകളുടെയും ചരക്കുനീക്കത്തിന്റെയും വർധന ബഹ്റൈൻ വ്യോമയാന മേഖലയുടെ ശക്തമായ തിരിച്ചുവരവാണ് സൂചിപ്പിക്കുന്നത്.


