തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യാ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ പ്രതികരണവുമായി പ്രാദേശിക കോൺഗ്രസ് നേതാവിന്റെ ഭാര്യ. കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ ഭാര്യ സിനിയാണ് സംഭവത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്.
എംഎൽഎ ആയതുകൊണ്ടാണ് സംഘത്തെ വീട്ടിലേക്ക് കയറ്റിയതെന്നും താനും മക്കളും മാത്രമുള്ള സമയത്താണ് മൂന്ന്–നാല് പേർ വീട്ടിലെത്തിയതെന്നും സിനി പറഞ്ഞു. രമ്യാ ഹരിദാസും സംഘത്തിലുണ്ടായിരുന്നുവെന്നും അവർ ആരോപിച്ചു.
“പാളയം പ്രദീപ് മകളെ ഭീഷണിപ്പെടുത്തി. എന്നെ പിടിച്ചുതള്ളി. മകളെ വിളിച്ച് ഫോൺ നൽകി അതിലുള്ളത് ഉച്ചത്തിൽ വായിക്കാൻ ആവശ്യപ്പെട്ടു. മൂന്ന്–നാല് തവണ മകളെ ഭീഷണിപ്പെടുത്തി വായിക്കാൻ നിർബന്ധിച്ചു. ഇതോടെ മകൾ കരഞ്ഞു. എന്തിനാണ് ഇങ്ങനെ വായിപ്പിക്കുന്നതെന്ന് ചോദിച്ചപ്പോഴാണ് എന്നെ പിടിച്ചുതള്ളിയത്,” സിനി പറഞ്ഞു.
സംഭവത്തിന് പിന്നാലെ വീട്ടിലെ കസേരകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ തകർത്തതായും സിനി ആരോപിച്ചു. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
കോൺഗ്രസ് പൂന്തുറ മണ്ഡലം വൈസ് പ്രസിഡന്റ് എസ്. സജാദിന്റെ പുളിമൂട്ടിലുള്ള വീട്ടിലെത്തിയാണ് രമ്യാ ഹരിദാസും പാളയം പ്രദീപും ഉൾപ്പെടെയുള്ള സംഘം പ്രദേശത്തെ കോൺഗ്രസ് നേതാക്കളുമായി തർക്കത്തിലേർപ്പെട്ടതെന്നാണ് വിവരം.
പാളയം പ്രദീപ് ആരാണെന്ന് എംഎൽഎയോട് ചോദിച്ചതിന് പിന്നാലെ ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പലത്തെ “നീ ആരെടാ” എന്ന് ആക്രോശിച്ച് മുഖത്തടിച്ചെന്നും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് ഇരുവിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ്.

