കീവ്: റഷ്യ–യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങളെ സഹായിക്കാൻ ഇന്ത്യ സന്നദ്ധമാണെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ആവശ്യമെങ്കിൽ ഇരുരാജ്യങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിക്കാനും സംഘർഷപരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാനും ഇന്ത്യ തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
യുക്രൈൻ സന്ദർശനത്തിനിടെ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയ്ക്കൊപ്പം മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു ജയശങ്കർ. റഷ്യയും യുക്രൈനും തമ്മിൽ വീണ്ടും സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ കരിങ്കടലിലെ വാണിജ്യക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണങ്ങളും ഇരുവരും ചർച്ച ചെയ്തതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി ജയശങ്കർ യുക്രൈൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ, പോളണ്ട് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ റഡോസ്ലാവ് സികോർസ്കി എന്നിവരുമായി നിർണായക ചർച്ചകൾ നടത്തി.
ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിനൊപ്പം പ്രാദേശിക സംഭവവികാസങ്ങൾ, പരസ്പര താൽപര്യമുള്ള വിഷയങ്ങൾ എന്നിവയിൽ അഭിപ്രായങ്ങൾ കൈമാറാൻ സന്ദർശനം അവസരമൊരുക്കിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

