മനാമ: സായുധസേനയുടെ പരമോന്നത കമാൻഡർ കൂടിയായ ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ‘ഗദേഹ – അപ് ടു ദ ചലഞ്ച്’ ജൂനിയർ പരിശീലന ക്യാമ്പ് സന്ദർശിച്ചു. രാജാവിന്റെ വ്യക്തിഗത പ്രതിനിധി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ ഹമദ് അൽ ഖലീഫയും അദ്ദേഹത്തെ അനുഗമിച്ചു.
ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലെഫ്റ്റനന്റ് ജനറൽ ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. റോയൽ ഗാർഡ് സ്പെഷ്യൽ ഓപ്പറേഷൻസ് കമാൻഡർ കേണൽ ഹിസ് ഹൈനസ് ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനം.
റോയൽ ഗാർഡും സ്റ്റുഡിയോ മാസ്റ്ററും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ശാരീരികവും വിദ്യാഭ്യാസപരവുമായ പരിശീലനങ്ങൾക്കൊപ്പം ജീവിതനൈപുണ്യങ്ങൾ വളർത്തുന്ന സമഗ്ര പരിശീലനാനുഭവമാണ് യുവ പങ്കാളികൾക്കായി ഒരുക്കിയിരിക്കുന്നത്.
ക്യാമ്പിലെത്തിയ രാജാവിനെ ഷെയ്ഖ് നാസർ ബിൻ ഹമദും ഷെയ്ഖ് ഖാലിദ് ബിൻ ഹമദും ചേർന്ന് സ്വീകരിച്ചു. യുവാക്കൾക്കായി ഒരുക്കിയ വിവിധ പരിശീലനരീതികൾ, പരിപാടികൾ, പ്രവർത്തനങ്ങൾ, പ്രായോഗിക അനുഭവങ്ങൾ എന്നിവ രാജാവ് വീക്ഷിച്ചു.
പ്രതിബദ്ധത, അച്ചടക്കം, ആത്മവിശ്വാസം, ദേശീയബോധം, സംഘബോധം, ഉത്തരവാദിത്വം എന്നിവ വളർത്തുന്നതിനും വ്യക്തിത്വവികസനം സാധ്യമാക്കുന്നതിനുമാണ് പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ക്യാമ്പിന്റെ ലക്ഷ്യങ്ങൾ, പരിശീലന പരിപാടികൾ, വിവിധ പ്രായവിഭാഗങ്ങളിലെ പങ്കാളികളുടെ എണ്ണം, രക്ഷിതാക്കളിൽനിന്ന് ലഭിച്ച മികച്ച പ്രതികരണം എന്നിവ ഷെയ്ഖ് നാസർ ബിൻ ഹമദ് രാജാവിനോട് വിശദീകരിച്ചു.
ആദ്യ പതിപ്പിൽതന്നെ ശ്രദ്ധേയമായ വിജയം കൈവരിച്ച ഗദേഹ ക്യാമ്പിനെ രാജാവ് അഭിനന്ദിച്ചു. വൈവിധ്യമാർന്ന പരിശീലന പരിപാടികളും പ്രായോഗിക അനുഭവങ്ങളും യുവാക്കളുടെ വിപുലമായ പങ്കാളിത്തവും ക്യാമ്പിനെ മികച്ച ദേശീയ സംരംഭമാക്കി മാറ്റിയതായി അദ്ദേഹം പറഞ്ഞു.
പങ്കാളികളുടെ ശാരീരികവും മാനസികവുമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വം ശക്തിപ്പെടുത്തുന്നതിനും ദേശീയ സ്വത്വവും രാജ്യസ്നേഹവും വളർത്തുന്നതിനും ക്യാമ്പ് നിർണായക പങ്കുവഹിക്കുന്നതായി രാജാവ് ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വവും നേതൃത്വശേഷിയും സ്വാശ്രയത്വവും വെല്ലുവിളികളെ നേരിടാനുള്ള കഴിവുമുള്ള പുതുതലമുറയെ വളർത്താൻ ഇത്തരം പരിശീലനങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുവജനങ്ങളുടെ വ്യക്തിത്വവും കഴിവുകളും മൂല്യങ്ങളും വികസിപ്പിക്കുന്നതിനായി ക്യാമ്പ് ആരംഭിച്ച ഷെയ്ഖ് നാസർ ബിൻ ഹമദിന്റെ ശ്രമങ്ങളെ രാജാവ് പ്രശംസിച്ചു. ക്യാമ്പിന്റെ നടത്തിപ്പിൽ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് നൽകുന്ന മേൽനോട്ടത്തിനും സംഘാടകർ, പരിശീലകർ, സഹകരണ സ്ഥാപനങ്ങൾ എന്നിവരുടെ പ്രവർത്തനങ്ങൾക്കും അദ്ദേഹം നന്ദി അറിയിച്ചു.
ബഹ്റൈന്റെ വികസനത്തിലും രാജ്യത്തിന്റെ അന്താരാഷ്ട്ര പദവി ഉയർത്തുന്നതിലും യുവാക്കൾ വഹിക്കുന്ന പങ്കിൽ അഭിമാനമുണ്ടെന്ന് രാജാവ് പറഞ്ഞു. യുവാക്കളാണ് ഭാവിയുടെ നിർമാതാക്കളും നവീകരണത്തിന്റെ മുന്നണിപ്പോരാളികളും. അവരുടെ കഴിവുകൾ വികസിപ്പിക്കുകയും അവരെ ശാക്തീകരിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിയിലേക്കുള്ള നിക്ഷേപമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ബഹ്റൈൻ യുവജനങ്ങൾക്ക് അവരുടെ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കാനും രാജ്യത്തെയും സമൂഹത്തെയും സേവിക്കാനും കൂടുതൽ വിജയങ്ങൾ കൈവരിക്കാനാകട്ടെയെന്ന് രാജാവ് ആശംസിച്ചു.
സന്ദർശനത്തിന്റെ സമാപനത്തിൽ ക്യാമ്പ് സംഘാടകസമിതി ചെയർമാനും ഷെയ്ഖ് ഖാലിദ് ബിൻ ഹമദിന്റെ മീഡിയ ഓഫീസ് ഡയറക്ടറുമായ അഹമ്മദ് അൽ ഷെയ്ഖ് രാജാവിന് സ്മരണിക സമ്മാനിച്ചു.

