കരിപ്പൂർ: എട്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടിയ കേസിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. കേസിലെ പ്രതിയും കുഞ്ഞിന്റെ പിതാവുമായ മലപ്പുറം പൊന്നാനി കോക്കൂർ സ്വദേശി ഫാറൂഖ് ഒന്നിലധികം വിവാഹം കഴിച്ചതായി അന്വേഷണസംഘം കണ്ടെത്തിയെന്നാണ് വിവരം.
സ്ത്രീകളെയും കുട്ടികളെയും ഉപയോഗിച്ച് സ്വർണം കടത്താനാണ് ഇയാൾ ശ്രമിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ഇയാൾ നാലോളം വിവാഹങ്ങൾ കഴിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഫാറൂഖിന്റെ ഭാര്യമാരിൽ ഒരാളെ കഴിഞ്ഞ ദിവസം കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് ഏകദേശം രണ്ടുകോടി രൂപ വിലമതിക്കുന്ന സ്വർണവുമായി ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് പിടികൂടിയിരുന്നു. 28 വയസ്സുകാരിയായ യുവതിയിൽനിന്ന് നാപ്കിനിൽ ഒളിപ്പിച്ച 1.78 കിലോഗ്രാം സ്വർണമാണ് കണ്ടെത്തിയത്. ഭർത്താവാണ് സ്വർണം ഒളിപ്പിച്ച് യാത്രയാക്കിയതെന്ന് യുവതി മൊഴി നൽകിയതായാണ് വിവരം.
തുടർന്ന് ഫാറൂഖിന്റെ യാത്രകൾ നിരീക്ഷിച്ച ഡി.ആർ.ഐ സംഘം കരിപ്പൂർ വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. റാസൽഖൈമയിൽനിന്ന് എട്ടുമാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്നു കുട്ടികളോടൊപ്പമാണ് 34കാരനായ പ്രതി കരിപ്പൂരിലെത്തിയത്.
കുഞ്ഞിന്റെ ഡയപ്പറിലും പ്രതിയുടെ ശരീരത്തിലും ഒളിപ്പിച്ച നിലയിൽ ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണമാണ് കണ്ടെത്തിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

