
തിരുവനന്തപുരം: ലഹരിവിരുദ്ധ നടപടികളുടെ ഭാഗമായി കേരള പൊലീസ് സംസ്ഥാന വ്യാപകമായി നടപ്പാക്കുന്ന ഓപ്പറേഷൻ തൂഫാനിൽ 38 പേർകൂടി അറസ്റ്റിലായി. വിവിധ ജില്ലകളിലായി രജിസ്റ്റർ ചെയ്ത 38 കേസുകളിലാണ് അറസ്റ്റ്. ഇതോടെ ഓപ്പറേഷന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,771 ആയും ആകെ അറസ്റ്റുകളുടെ എണ്ണം 10,535 ആയും ഉയർന്നു.
ഓപ്പറേഷൻ ആരംഭിച്ചതുമുതൽ ഇതുവരെ 8,517.479 ഗ്രാം എംഡിഎംഎയും 1,100.086 കിലോഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ ചെറിയ അളവിൽ ലഹരിവസ്തുക്കൾ കൈവശംവച്ചതിന് 11 കേസുകളും എൻഡിപിഎസ് നിയമപ്രകാരം 27 കേസുകളും ഉൾപ്പെടുന്നു. കോട്പ നിയമപ്രകാരം 28 കേസുകളും രജിസ്റ്റർ ചെയ്തു. പ്രതികളിൽനിന്ന് 0.655 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്തുടനീളം പൊലീസ് ഒമ്പത് ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. ഇതുവരെ 9,362 ബോധവത്കരണ ക്ലാസുകളും 602 കൗൺസലിങ് സെഷനുകളും നടത്തി. സ്കൂൾ–കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,638 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.
ലഹരിവിൽപ്പനയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടോ 9995966666 എന്ന നമ്പറിൽ വാട്സ്ആപ്പ് വഴിയോ പൊലീസിനെ അറിയിക്കാം. വിവരം നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് കേരള പൊലീസ് അറിയിച്ചു.


