തിരുവനന്തപുരം: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പ്രചരിച്ച ചിത്രം തൃശൂർ വടക്കാഞ്ചേരി കരുമത്ര സ്വദേശി ദാമോദര മേനോന്റേതാണെന്ന് കേരള പൊലീസ് സ്ഥിരീകരിച്ചു. പ്രചരിക്കുന്ന ചിത്രം സുകുമാരക്കുറുപ്പിന്റേതല്ലെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതെന്ന് സ്പെഷ്യൽ ബ്രാഞ്ച് എസിപി ബിജോയ് തോമസ് അറിയിച്ചു.
ദാമോദര മേനോന്റെ പേരിൽ കരുമത്രയിൽ പത്ത് സെന്റ് ഭൂമിയുള്ളതിന്റെ രേഖകൾ പൊലീസ് പരിശോധിച്ചു. ചിത്രത്തിലുള്ളത് ദാമോദര മേനോനാണെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും പൊലീസ് വ്യക്തമാക്കി.
ദാമോദര മേനോനുമായി സ്പെഷ്യൽ ബ്രാഞ്ച് എസിപി ഫോണിൽ സംസാരിച്ചു. ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ ചികിത്സയിലാണെന്നും നാട്ടിലേക്ക് മടങ്ങിവരാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചതായി പൊലീസ് പറഞ്ഞു.
42 വർഷമായി പൊലീസ് അന്വേഷിക്കുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള ഒരാളെക്കുറിച്ച് നിരവധി അനൗദ്യോഗിക വിവരങ്ങൾ ലഭിച്ചിരുന്നു. മലേഷ്യയിലും ഇന്തോനേഷ്യയിലുമുള്ള ഇന്ത്യക്കാരാണ് ചില പൊലീസ് ഉദ്യോഗസ്ഥർക്ക് വിവരങ്ങൾ കൈമാറിയത്.
പാസ്പോർട്ടും ദാമോദര മേനോന്റേത്
സുകുമാരക്കുറുപ്പിന്റേതെന്ന സംശയത്തോടെ പൊലീസ് പരിശോധിച്ച പാസ്പോർട്ടും ദാമോദര മേനോന്റേതാണെന്ന് സ്ഥിരീകരിച്ചു. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനും ഇക്കാര്യം വ്യക്തമാക്കി.
ഏകദേശം 40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയത്. പാലക്കാട് സ്വദേശിനിയെ അവിടെവെച്ച് വിവാഹം കഴിച്ച അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്. നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിലാണ്. നാട്ടിലുള്ള കുടുംബാംഗങ്ങളുമായി അദ്ദേഹം നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.

