ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടെയുണ്ടായ പെല്ലറ്റ് ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർഥി സാഹിലിനൊപ്പം പൊലീസ് സ്റ്റേഷനിലെത്തി കുത്തിയിരുന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സാഹിലിന്റെ പരാതിയിൽ കേസെടുക്കാൻ പൊലീസ് തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് രാഹുൽ ഗാന്ധി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലെത്തിയത്.
പരാതിയിൽ കേസെടുക്കാതെ മടങ്ങില്ലെന്ന നിലപാടിൽ ഉറച്ചുനിന്ന രാഹുൽ ഗാന്ധി സെൻട്രൽ ഡി.സി.പിയുമായി ചർച്ച നടത്തി. നീതി ലഭിക്കുന്നതുവരെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും ജയറാം രമേശും പൊലീസ് സ്റ്റേഷനിലെത്തി.

നേരത്തെ മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിലെത്തിയ രാഹുൽ ഗാന്ധി കേസെടുക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൊലീസ് വിസമ്മതിച്ചതായാണ് റിപ്പോർട്ട്. തുടർന്നാണ് അദ്ദേഹം സെൻട്രൽ ഡി.സി.പിയെ കണ്ടത്. രാഹുലിന്റെ അപ്രതീക്ഷിത നീക്കം പൊലീസ് സ്റ്റേഷനിൽ നാടകീയ രംഗങ്ങൾക്ക് വഴിവെച്ചു.
വിദ്യാർഥി നേരത്തെ രണ്ടുതവണ പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. ഓഗസ്റ്റ് 14ന് അഭിഭാഷകരുടെ സാന്നിധ്യത്തിൽ ആദ്യ പരാതി നൽകി. നടപടിയുണ്ടാകാത്തതിനെത്തുടർന്ന് ഓഗസ്റ്റ് 17ന് ഇ-മെയിലിലൂടെയും ഫോൺ മുഖേനയും വീണ്ടും പൊലീസിനെ സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്നാണ് ആരോപണം.

ജന്തർ മന്തറിലെ പൊലീസ് നടപടിയിലും പെല്ലറ്റ് ഗൺ പ്രയോഗിച്ചതിലും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധക്കാർക്കെതിരെ അമിതബലം പ്രയോഗിച്ചെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ജന്തർ മന്തറിലെ പൊലീസ് നടപടിയെക്കുറിച്ച് അന്വേഷിക്കാൻ സുപ്രീം കോടതി ഉന്നതാധികാര സമിതിയെ നിയോഗിച്ചിട്ടുണ്ട്. സുപ്രീം കോടതി മുൻ ജഡ്ജി ആർ. സുഭാഷ് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സമിതിക്കാണ് അന്വേഷണച്ചുമതല. ചീഫ് ജസ്റ്റിസ് സൂര്യകാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

