
മനാമ: ബഹ്റൈനിലെ കലാ-സാംസ്കാരിക രംഗത്ത് നാല് പതിറ്റാണ്ടോളം സജീവ സാന്നിധ്യമായിരുന്ന ദാമു കോറോത്തിന്റെ നിര്യാണത്തിൽ വടകര സഹൃദയ വേദിയുടെ നേതൃത്വത്തിൽ അനുസ്മരണ യോഗം സംഘടിപ്പിച്ചു.
വടകരയുടെ സാംസ്കാരിക പൈതൃകവും നാട്ടിന്റെ ഓർമ്മകളും പ്രവാസമണ്ണിൽ സജീവമായി നിലനിർത്തുന്നതിൽ ദാമു കോറോത്ത് നൽകിയ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. കലയും സൗഹൃദവും മനുഷ്യബന്ധങ്ങളും ജീവിതത്തിന്റെ ഭാഗമാക്കിയ അദ്ദേഹത്തിന്റെ സാന്നിധ്യം ബഹ്റൈനിലെ സാംസ്കാരിക ചരിത്രത്തിലെ മായാത്ത അധ്യായമായി തുടരുമെന്ന് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
നാല് പതിറ്റാണ്ടിലേറെ നീണ്ട പ്രവാസ ജീവിതത്തിനിടെ കലാ-സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും സൗഹൃദ കൂട്ടായ്മകളിലൂടെയും അദ്ദേഹം രൂപപ്പെടുത്തിയ ബന്ധങ്ങളും ജന്മനാടിനോടും നാട്ടുകാരോടും പുലർത്തിയ ആത്മബന്ധവും അനുസ്മരണ യോഗത്തിൽ പ്രത്യേകം പരാമർശിക്കപ്പെട്ടു. വടകരയുടെ പാരമ്പര്യവും സംസ്കാരവും പ്രവാസി സമൂഹത്തിൽ നിലനിർത്താൻ അദ്ദേഹം നടത്തിയ ഇടപെടലുകളും യോഗത്തിൽ സ്മരിച്ചു.

ഭൗതിക സാന്നിധ്യം അവസാനിച്ചെങ്കിലും ദാമു കോറോത്തിന്റെ ചിരിയും സൗഹൃദവും സ്നേഹവും കലാ-സാംസ്കാരിക പ്രവർത്തനങ്ങളോടുള്ള സമർപ്പണവും സഹൃദയരുടെ ഓർമ്മകളിൽ എന്നും നിലനിൽക്കുമെന്ന് യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ വേർപാട് വടകര സഹൃദയ വേദിക്കും ബഹ്റൈനിലെ പ്രവാസി സമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണെന്നും യോഗത്തിൽ അഭിപ്രായപ്പെട്ടു.
വടകര സഹൃദയ വേദി പ്രസിഡന്റ് അഷ്റഫ് എൻ. പി. അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. സി. പവിത്രൻ സ്വാഗതം പറഞ്ഞു.
ദാമു കോറോത്തിനൊപ്പം ദീർഘകാലം കലാ-സാംസ്കാരിക മേഖലയിൽ പ്രവർത്തിച്ച പ്രകാശ് വടകര, ഇ. വി. രാജീവൻ, ഷാജി മൂത്തല, സുനിൽ ദാസ്, തോമസ് ഫിലിപ്പ്, വിനയചന്ദ്രൻ, ബാബു കുഞ്ഞിരാമൻ, അജിത് കണ്ണൂർ, അനിൽ കുമാർ കളത്തിൽ എന്നിവർ അദ്ദേഹത്തോടൊപ്പമുള്ള ഓർമ്മകളും അനുഭവങ്ങളും പങ്കുവെച്ചു.
വടകര സഹൃദയ വേദിയുടെ രക്ഷാധികാരികളായ ആർ. പവിത്രൻ, ശശിധരൻ എം., സജീവ് പാക്കയിൽ, ശിവദാസ്, സുരേഷ് മണ്ടോടി എന്നിവരും ദാമു കോറോത്തിന്റെ കലാ-സാംസ്കാരിക സംഭാവനകളും സൗഹൃദത്തിന്റെ ആഴവും അനുസ്മരിച്ചു. എം. എം. ബാബു നന്ദി രേഖപ്പെടുത്തി.


