തിരുവനന്തപുരം: ഓണക്കാലത്ത് മയക്കുമരുന്ന്–കഞ്ചാവ് വിൽപ്പനയും വിതരണവും തടയുന്നതിനായി ‘ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായുള്ള പരിശോധനകൾ ശക്തമാക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഓപ്പറേഷന്റെ ഭാഗമായി കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്നും ഓണക്കാലത്ത് സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഒഴുക്ക് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പരിശോധനകളിൽ വീഴ്ച വരുത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ സ്ഥലംമാറ്റത്തിൽ ആശയക്കുഴപ്പമില്ലെന്നും രണ്ട് ദിവസത്തിനകം എസ്ഐമാർക്ക് ചുമതല നൽകുന്ന നടപടികൾ പൂർത്തിയാകുമെന്നും ചെന്നിത്തല അറിയിച്ചു.
കാലടി സംസ്കൃത സർവകലാശാലയിൽ വൈസ് ചാൻസലർക്കെതിരെ പ്രതീകാത്മക ശവമഞ്ചം ഒരുക്കിയ പ്രതിഷേധം പ്രാകൃതമാണെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തരം സംഭവങ്ങൾ ഒരു കാരണവശാലും അനുവദിക്കാനാകില്ല. തെറ്റ് ചെയ്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

