മനാമ: വ്യാജ ഇ-മെയിൽ ഉപയോഗിച്ച് സ്ഥാപനത്തെ കബളിപ്പിച്ച് പണം തട്ടിയ കേസിൽ നാല് ഏഷ്യൻ പ്രവാസികൾക്ക് ലോവർ ക്രിമിനൽ കോടതി മൂന്നുവർഷം തടവും 5,000 ബഹ്റൈൻ ദീനാർ പിഴയും വിധിച്ചു. ശിക്ഷ പൂർത്തിയാക്കിയശേഷം പ്രതികളെ നാടുകടത്താനും കുറ്റകൃത്യത്തിന് ഉപയോഗിച്ച വസ്തുക്കൾ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
മറ്റൊരു കമ്പനിയുടെ ഇ-മെയിൽ വിലാസത്തോട് സാമ്യമുള്ള വ്യാജ വിലാസം നിർമിച്ചായിരുന്നു തട്ടിപ്പ്. യഥാർഥ ഇ-മെയിൽ വിലാസത്തിന്റെ ഡൊമെയ്ൻ നാമത്തിൽ ഒരു അക്ഷരം അധികമായി ചേർത്ത പ്രതികൾ ജീവനക്കാരെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിൽ മാറ്റം വരുത്തിയതായി അറിയിച്ച് വ്യാജ സന്ദേശം അയച്ചതിനെ തുടർന്ന് കമ്പനി പ്രതികൾ നൽകിയ അക്കൗണ്ടിലേക്ക് പണം കൈമാറി. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം പൂർത്തിയാക്കി പ്രതികളെ കോടതിയിൽ ഹാജരാക്കിയത്. തട്ടിപ്പിലൂടെ നഷ്ടപ്പെട്ട പണത്തിന്റെ ഒരു ഭാഗം തിരിച്ചുപിടിക്കാൻ അധികൃതർക്ക് കഴിഞ്ഞു.
ബാങ്ക് അക്കൗണ്ട് വിവരങ്ങളിലോ പണമടയ്ക്കുന്ന രീതികളിലോ മാറ്റം ആവശ്യപ്പെട്ട് ഇ-മെയിലിലൂടെ ലഭിക്കുന്ന സന്ദേശങ്ങളുടെ ആധികാരികത ഔദ്യോഗിക ചാനലുകൾ വഴി ഉറപ്പാക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. സംശയാസ്പദമായ സന്ദേശങ്ങൾ ലഭിച്ചാൽ 992 ഹോട്ട്ലൈൻ, 17108108 എന്ന വാട്സാപ്പ് നമ്പർ, മൈഗവ് ആപ്പ് എന്നിവയിലൂടെ ഉടൻ വിവരം അറിയിക്കണമെന്നും നിർദേശിച്ചു.

