
മനാമ: ആവശ്യമായ അനുമതികളും ലൈസൻസുകളും നേടാതെ പ്രവർത്തിച്ചിരുന്ന നോർത്തേൺ ഗവർണറേറ്റിലെ റെസ്റ്റോറന്റ് വ്യവസായ–വാണിജ്യ മന്ത്രാലയം അടച്ചുപൂട്ടി. സ്ഥാപനത്തിനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്.

മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിൽ ഭക്ഷണവും പാനീയങ്ങളും വിൽക്കുന്നതിനുള്ള നിയമപരമായ ലൈസൻസ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തി. ഇതേ കേന്ദ്രം ഉപയോഗിച്ച് അനുമതിയില്ലാതെ ഓൺലൈൻ വിൽപ്പന നടത്തിയിരുന്നതായും അധികൃതർ വ്യക്തമാക്കി.
റെസ്റ്റോറന്റിന്റെ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന വാണിജ്യ രജിസ്ട്രേഷൻ (സി.ആർ.) നമ്പറും വ്യാജമാണെന്ന് പരിശോധനയിൽ കണ്ടെത്തി. ‘സിജിലാത്’ പ്ലാറ്റ്ഫോമിൽ ഈ നമ്പർ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു. ആവശ്യമായ യോഗ്യതകളും ഔദ്യോഗിക മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമ സ്ഥാപനം നടത്തിയിരുന്നതെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഭക്ഷണപാനീയ വിതരണ മേഖല ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ അംഗീകൃത ലൈസൻസുകളും അനുമതികളും നിർബന്ധമാണെന്ന് അധികൃതർ ഓർമിപ്പിച്ചു. ബിസിനസ് ആരംഭിക്കുന്നതിന് മുമ്പ് ആവശ്യമായ എല്ലാ അനുമതികളും നേടിയിട്ടുണ്ടെന്ന് സ്ഥാപന ഉടമകൾ ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ബഹ്റൈനിൽ റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് സിജിലാത് സംവിധാനത്തിലൂടെയുള്ള വാണിജ്യ രജിസ്ട്രേഷൻ, മുനിസിപ്പാലിറ്റിയുടെ ഫുഡ് എസ്റ്റാബ്ലിഷ്മെന്റ് ലൈസൻസ്, പൊതുജനാരോഗ്യ വിഭാഗത്തിന്റെ ക്ലിയറൻസ്, സിവിൽ ഡിഫൻസിന്റെ അഗ്നിസുരക്ഷാ അനുമതി എന്നിവ ആവശ്യമാണ്. ടൂറിസം, സംഗീതം, വിനോദപരിപാടികൾ തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻസ് അതോറിറ്റിയുടെ പ്രത്യേക അനുമതിയും നേടണം.

അഞ്ചുമാസത്തിനിടെ 3,191 പരിശോധനകൾ
ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വാണിജ്യ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിനുമായി രാജ്യത്തെ നാല് ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കിയതായി മന്ത്രാലയം അറിയിച്ചു. മാർച്ച് ഒന്നുമുതൽ ജൂലൈ 31 വരെ വിവിധ വിപണികളിലും സ്ഥാപനങ്ങളിലുമായി 3,191 പരിശോധനകൾ നടത്തി.
ഇതിൽ 2,156 പരിശോധനകൾ ഭക്ഷണശാലകളിലും 234 എണ്ണം ബേക്കറികളിലും 98 എണ്ണം സെൻട്രൽ മാർക്കറ്റുകളിലുമായിരുന്നു. മറ്റ് വ്യാപാരസ്ഥാപനങ്ങളിൽ 703 പരിശോധനകളും നടത്തി.

പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. ഇതിൽ 176 എണ്ണം വിലവിവരങ്ങളുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുകളുമായി ബന്ധപ്പെട്ടതുമാണ്. നിയമം ലംഘിച്ച 31 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. 21 സ്ഥാപനങ്ങൾക്ക് അന്തിമ മുന്നറിയിപ്പ് നൽകിയപ്പോൾ എട്ട് സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. രണ്ട് സ്ഥാപനങ്ങളുടെ കേസുകൾ പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കഴിഞ്ഞ മാസവും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ച നാല് ഭക്ഷണശാലകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. ഇതിൽ ഒരു സ്ഥാപനം അടച്ചുപൂട്ടി. വില പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ രേഖപ്പെടുത്തിയതിനേക്കാൾ കൂടുതൽ തുക കൗണ്ടറിൽ ഈടാക്കുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്കുവയ്ക്കുക തുടങ്ങിയ ക്രമക്കേടുകളാണ് കണ്ടെത്തിയത്.

വിപണിയിലെ നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ inspection@moic.gov.bh എന്ന ഇ-മെയിൽ വിലാസത്തിലൂടെയോ ‘തവാസുൽ’ സംവിധാനത്തിലൂടെയോ 17111225 എന്ന വാട്സാപ്പ് നമ്പറിലൂടെയോ മന്ത്രാലയത്തെ അറിയിക്കാം.


