
മനാമ: ഇന്ത്യൻ ലേഡീസ് അസോസിയേഷൻ (ഐഎൽഎ) ബഹ്റൈന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഇന്ത്യ അൺപ്ലഗ്ഡ് – സീസൺ 2’ മെഗാ ക്വിസ് മത്സരം 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച ദാനമാളിലെ എപിക്സ് സിനിമയിൽ നടക്കും.
ഇന്ത്യയുടെ ചരിത്രം, സംസ്കാരം, പൈതൃകം, സമകാലിക നേട്ടങ്ങൾ, പ്രമുഖ വ്യക്തിത്വങ്ങൾ തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കിയാണ് മത്സരം. ആദ്യ സീസണിന് ലഭിച്ച മികച്ച പ്രതികരണത്തെ തുടർന്നാണ് കൂടുതൽ വിപുലമായ രീതിയിൽ രണ്ടാം സീസൺ സംഘടിപ്പിക്കുന്നത്.
ബഹ്റൈനിൽ സാധുവായ താമസരേഖയുള്ള 15 വയസ്സിന് മുകളിലുള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. മൂന്ന് അംഗങ്ങൾ വീതമുള്ള ടീമുകളായാണ് രജിസ്റ്റർ ചെയ്യേണ്ടത്. വനിതകളും പുരുഷന്മാരും ഉൾപ്പെടുന്ന മിക്സഡ് ടീമുകൾക്കും പങ്കെടുക്കാം. രജിസ്ട്രേഷൻ സമയത്ത് ഓരോ മത്സരാർഥിയും സാധുവായ സി.പി.ആർ ഹാജരാക്കണം.
ഒന്നാം സമ്മാനമായി 1,000 യു.എസ് ഡോളറും രണ്ടാം സമ്മാനമായി 500 ഡോളറും മൂന്നാം സമ്മാനമായി 300 ഡോളറും ലഭിക്കും. വനിതകൾ മാത്രം ഉൾപ്പെടുന്ന ടീമുകൾക്ക് പ്രത്യേക സമ്മാനഹാമ്പറും നൽകും.
ഒരു ടീമിന് 15 ബഹ്റൈൻ ദിനാറാണ് രജിസ്ട്രേഷൻ ഫീസ്. പരിപാടിയിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം, തെറാപ്പി, വിനോദപരിപാടികൾ എന്നിവ നൽകുന്ന ഐഎൽഎയുടെ ‘സ്നേഹ റിക്രിയേഷൻ സെന്ററി’ന്റെ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കും.
‘ഇന്ത്യ അൺപ്ലഗ്ഡ്’ ഒരു ക്വിസ് മത്സരം മാത്രമല്ലെന്നും ഇന്ത്യയുടെ മഹത്തായ ചരിത്രം, സംസ്കാരം, നേട്ടങ്ങൾ, വൈവിധ്യം എന്നിവയുടെ ആഘോഷമാണെന്നും ഐഎൽഎ പ്രസിഡന്റ് പറഞ്ഞു. പ്ലാറ്റിനം ജൂബിലി വർഷത്തിൽ അറിവിന്റെയും കൂട്ടായ്മയുടെയും സാമൂഹിക പ്രതിബദ്ധതയുടെയും വേദിയായി പരിപാടി മാറുമെന്നും ഓരോ രജിസ്ട്രേഷനും സ്നേഹ റിക്രിയേഷൻ സെന്ററിന്റെ പ്രവർത്തനങ്ങൾക്ക് നേരിട്ടുള്ള പിന്തുണ നൽകുമെന്നും അവർ വ്യക്തമാക്കി.
ക്വിസ് പ്രേമികൾ, വിദ്യാർഥികൾ, പ്രഫഷണലുകൾ, കുടുംബങ്ങൾ തുടങ്ങി സമൂഹത്തിലെ എല്ലാവരെയും മത്സരത്തിൽ പങ്കെടുക്കാൻ ഐഎൽഎ ക്ഷണിച്ചു. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 3222 7985, 3661 1041 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.


