ചെന്നൈ: കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ നടന്ന പ്രതിഷേധ പരിപാടിക്കിടെ നടത്തിയതായി ആരോപിക്കപ്പെടുന്ന വിവാദ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ ഡി.എം.കെ നേതാവും തമിഴ്നാട് ഉപമുഖ്യമന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം തഞ്ചാവൂർ പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
ചൊവ്വാഴ്ച രാവിലെ ചെന്നൈയിലെ നീലാങ്കരയിലെ വസതിയിൽ നിന്ന് തഞ്ചാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത ഉദയനിധിയെ തഞ്ചാവൂർ ജില്ലയിലെ സെംഗിപ്പട്ടി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് ചോദ്യം ചെയ്തത്. അദ്ദേഹത്തെ റിമാൻഡ് ചെയ്യില്ലെന്നും ചോദ്യം ചെയ്യലിന് ശേഷം അതേ ദിവസം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുമെന്നും തമിഴ്നാട് അഡ്വക്കേറ്റ് ജനറൽ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഈ ഉറപ്പ് രേഖപ്പെടുത്തിയ കോടതി ചോദ്യം ചെയ്യൽ പൂർത്തിയാക്കി ഉദയനിധിയെ വിട്ടയക്കാൻ നിർദേശം നൽകി.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ ഉദയനിധി പോലീസ് സ്റ്റേഷന് മുന്നിൽ തടിച്ചുകൂടിയ ഡി.എം.കെ പ്രവർത്തകരെയും അനുഭാവികളെയും അഭിവാദ്യം ചെയ്തു. തുടർന്ന് റോഡ് മാർഗം തിരുച്ചിറപ്പള്ളി വിമാനത്താവളത്തിലെത്തി അവിടെ നിന്ന് വിമാനത്തിൽ ചെന്നൈയിലേക്ക് മടങ്ങി.
കാവേരി വിഷയത്തിൽ തഞ്ചാവൂരിൽ നടന്ന പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടെ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയെയും സർക്കാരിനെയും വിമർശിച്ചുകൊണ്ടിരുന്ന ഉദയനിധിയോട് സദസ്സിൽ നിന്ന് നടി തൃഷയുടെ പേര് വിളിച്ചുപറഞ്ഞതിനെ തുടർന്ന് അദ്ദേഹം നടത്തിയ പ്രതികരണം സ്ത്രീത്വത്തെ അപമാനിക്കുന്ന ദ്വയാർഥ പ്രയോഗമാണെന്ന് ആരോപിച്ചാണ് തഞ്ചാവൂർ ഈസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ടി.വി.കെ വനിതാ വിഭാഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി.
അതേസമയം, താൻ കാവേരി നദിയെക്കുറിച്ചാണ് പരാമർശിച്ചതെന്നും പ്രസംഗത്തിന്റെ എഡിറ്റ് ചെയ്ത വീഡിയോ ഉപയോഗിച്ച് വ്യാജ പ്രചാരണം നടത്തുകയാണെന്നും ഡി.എം.കെയും ഉദയനിധി സ്റ്റാലിനും വിശദീകരിച്ചു.

