ചെന്നൈ: നടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിൽ ദ്വയാർഥ പരാമർശം നടത്തിയെന്ന കേസിൽ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ഭരണകക്ഷിയായ ടി.വി.കെയെതിരെ രൂക്ഷവിമർശനവുമായി തമിഴ്നാട് പ്രതിപക്ഷ നേതാവും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. കെട്ടിച്ചമച്ച കേസിന്റെ ഏത് പ്രത്യാഘാതവും നേരിടാൻ തയ്യാറാണെന്നും തനിക്ക് ഭയമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
കാവേരി വിഷയത്തിൽ ഡി.എം.കെ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകാൻ കഴിയാത്തതിനാൽ ജനശ്രദ്ധ തിരിച്ചുവിടാനാണ് സർക്കാർ തന്നെ അറസ്റ്റ് ചെയ്തതെന്ന് ഉദയനിധി ആരോപിച്ചു. തന്റെ പ്രസംഗത്തിലെ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് വ്യാജപ്രചാരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
“ഈ കെട്ടിച്ചമച്ച കേസിന്റെ എല്ലാ പ്രത്യാഘാതങ്ങളും നേരിടാൻ ഞാൻ തയ്യാറാണ്. എനിക്ക് ഭയമില്ല. ഇതിനെ രാഷ്ട്രീയമായി കൈകാര്യം ചെയ്യാനുള്ള ബുദ്ധിപോലും അവർക്കില്ല. അവർ ഒരു കൂട്ടം വിഡ്ഢികളാണ്,” ഉദയനിധി പ്രതികരിച്ചു.

തഞ്ചാവൂരിൽ കാവേരി വിഷയവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധയോഗത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ജനക്കൂട്ടത്തിൽനിന്ന് നടി തൃഷയുടെ പേര് ഉയർന്നതിനെ തുടർന്ന് ഉദയനിധി നടത്തിയ പ്രതികരണം ദ്വയാർഥവും സ്ത്രീവിരുദ്ധവുമാണെന്ന് ടി.വി.കെയും ബി.ജെ.പിയും ആരോപിച്ചിരുന്നു. എന്നാൽ തന്റെ പരാമർശം കാവേരി ജലത്തെക്കുറിച്ചായിരുന്നുവെന്നാണ് ഉദയനിധിയുടെ വിശദീകരണം.
ടി.വി.കെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തഞ്ചാവൂർ ഈസ്റ്റ് പൊലീസ് കേസെടുത്തു. തുടർന്ന് ചെന്നൈയിലെ വസതിയിലെത്തിയ പൊലീസ് ഉദയനിധിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അദ്ദേഹത്തെ തഞ്ചാവൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുന്നതിനായി കൊണ്ടുപോയി.
ഉച്ചയ്ക്ക് 12 വരെ നിർബന്ധിത നടപടി സ്വീകരിക്കരുതെന്ന് കോടതി നിർദേശിച്ചിരുന്നെങ്കിലും രാവിലെ 11 മണിയോടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നാണ് ഡി.എം.കെ ആരോപണം. നിയമസഭാ സമ്മേളനം നടക്കാനിരിക്കെ രാഷ്ട്രീയ വൈരാഗ്യം തീർക്കാനുള്ള സർക്കാർ നീക്കമാണിതെന്നും പാർട്ടി കുറ്റപ്പെടുത്തി.
വിവരമറിഞ്ഞ് മുതിർന്ന ഡി.എം.കെ നേതാക്കളും മുൻ മന്ത്രിമാരുമായ ഇ.വി. വേലു, കെ.എൻ. നെഹ്റു, പി.കെ. ശേഖർബാബു, മാ. സുബ്രഹ്മണ്യൻ എന്നിവർ ഉദയനിധിയുടെ വസതിയിലെത്തി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. സംഭവം തമിഴ്നാട്ടിൽ ഡി.എം.കെ–ടി.വി.കെ രാഷ്ട്രീയപ്പോര് കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്.

