
മനാമ: ബഹ്റൈനിലെ കൊല്ലം പ്രവാസികളുടെ സാമൂഹിക–സാംസ്കാരിക സംഘടനയായ കൊല്ലം പ്രവാസി അസോസിയേഷന്റെ (കെ.പി.എ) 2026–2028 കാലയളവിലേക്കുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. മുൻ ഭരണസമിതിയെ ആദരിക്കലും ‘വിളക്കുമരം 2026’ സുവനീർ പ്രകാശനവും ഇതോടനുബന്ധിച്ച് നടന്നു.
കെ.സി.എ ഹാളിൽ ‘കെ.പി.എ ഫെസ്റ്റ് 2026’ എന്ന പേരിൽ സംഘടിപ്പിച്ച ചടങ്ങിൽ ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗത്തെ പ്രമുഖരും കെ.പി.എ കുടുംബാംഗങ്ങളും പങ്കെടുത്തു.
ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം ആശംസിച്ച ചടങ്ങിൽ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ഇന്ത്യൻ സ്കൂൾ ബഹ്റൈൻ മുൻ ചെയർമാനും കെ.പി.എ രക്ഷാധികാരിയുമായ പ്രിൻസ് നടരാജൻ മുഖ്യപ്രഭാഷണം നടത്തി.
===================================================================
===================================================================
സംഘടനയുടെ കഴിഞ്ഞ രണ്ടുവർഷത്തെ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി തയ്യാറാക്കിയ ‘വിളക്കുമരം 2026’ സുവനീർ ചടങ്ങിൽ പ്രകാശനം ചെയ്തു. സുവനീർ എഡിറ്റർ സലീം തയ്യിലും എഡിറ്റോറിയൽ ബോർഡ് അംഗങ്ങളും ചേർന്ന് കെ.പി.എയുടെ മുതിർന്ന അംഗം റഹീം വാവാകുഞ്ഞിന് ആദ്യപ്രതി കൈമാറി.
പുതിയ ഭരണസമിതി അംഗങ്ങൾക്കുള്ള ബാഡ്ജുകൾ പി.വി. രാധാകൃഷ്ണ പിള്ളയും പ്രിൻസ് നടരാജനും ചേർന്ന് വിതരണം ചെയ്തു. കെ.ടി. സലിം, അസീൽ അബ്ദുൽറഹ്മാൻ, റഫീക്ക് അബ്ദുള്ള, ചന്ദ്രബോസ്, റഹീം വാവാകുഞ്ഞ് എന്നിവർ മുൻ ഭരണസമിതി അംഗങ്ങളെ ആദരിച്ചു.
പുതുതായി ചുമതലയേറ്റ കെ.പി.എ പ്രസിഡന്റ് നിസാർ കൊല്ലം മറുപടിപ്രസംഗം നടത്തി. ജനറൽ സെക്രട്ടറി ജഗത് കൃഷ്ണകുമാർ നന്ദി രേഖപ്പെടുത്തി.
തുടർന്ന് കെ.പി.എയുടെ കലാ–സാംസ്കാരിക വിഭാഗങ്ങളായ കെ.പി.എ സിംഫണി, പ്രവാസിശ്രീ, സൃഷ്ടി, ചിൽഡ്രൻസ് പാർലമെന്റ് എന്നിവയുടെ നേതൃത്വത്തിൽ സംഗീത–നൃത്ത പരിപാടികൾ അരങ്ങേറി. കുട്ടികളും വനിതകളും അവതരിപ്പിച്ച വൈവിധ്യമാർന്ന കലാപരിപാടികൾ കെ.പി.എ ഫെസ്റ്റ് 2026ന് കൂടുതൽ മികവേകി.
കെ.പി.എ കുടുംബാംഗങ്ങൾ, ബഹ്റൈനിലെ വിവിധ സാമൂഹിക–സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ, വിശിഷ്ടാതിഥികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പുതിയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾക്ക് ആവേശകരമായ തുടക്കമായി പരിപാടി മാറി.

