കാസർഗോഡ്: പ്രമാദമായ നിരവധി കേസുകളുടെ അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചിരുന്ന റിട്ട. എസ്.ഐ ധൻരാജിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ സ്വദേശിയായ മുരളീധരന്റെ മകനായ ധൻരാജ് (65) കാസർഗോഡ് പാറക്കട്ടയിലെ വസതിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റുമോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ സേവനമനുഷ്ഠിച്ച ധൻരാജ് മികച്ച കുറ്റാന്വേഷകനെന്ന നിലയിൽ ശ്രദ്ധ നേടിയിരുന്നു. കാസർഗോഡ് ക്രൈംബ്രാഞ്ച് യൂണിറ്റിൽ നിന്നാണ് അദ്ദേഹം വിരമിച്ചത്. വിരമിച്ചശേഷം ചെർക്കളയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ സെക്യൂരിറ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് രണ്ട് മാസം മുമ്പ് ജോലിയിൽ നിന്ന് വിട്ടുനിന്നതായി അറിയുന്നു. ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങൾ ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ കാസർഗോഡ് ടൗൺ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

