
ന്യൂഡൽഹി: പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു. പാർലമെന്റ് മാർച്ചിനിടെ വിദ്യാർഥികൾക്കുനേരെയുണ്ടായ പൊലീസ് നടപടിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ടാണ് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധിച്ചത്.
ലോക്സഭയിൽ കെ.സി. വേണുഗോപാൽ എംപിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പ്രതിപക്ഷ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചതോടെ സഭാ നടപടികൾ തടസ്സപ്പെട്ടു.
സഭയിൽ അംഗങ്ങൾ മര്യാദ പാലിക്കണമെന്നും ഓരോ എംപിക്കും ഉത്തരവാദിത്വമുണ്ടെന്നും സ്പീക്കർ ഓം ബിർല പറഞ്ഞു. പ്രതിഷേധം തുടർന്നതോടെയാണ് സഭ ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചത്.
രാജ്യസഭയിലും ഇതേ വിഷയത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ബഹളം ശക്തമായതിനെ തുടർന്ന് രാജ്യസഭാ നടപടികളും ഉച്ചയ്ക്ക് 12 വരെ നിർത്തിവെച്ചു.


