മലപ്പുറം: കുറ്റിപ്പുറം ദേശീയപാതയിൽ നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഓട്ടോറിക്ഷയിൽ ഇടിച്ചശേഷം കാറിന് മുകളിലേക്ക് തലകീഴായി മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരുക്കേറ്റു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണ്.
കോഴിക്കോട്–തൃശൂർ റൂട്ടിൽ സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിലും കാറിലുമുണ്ടായിരുന്നവർക്കാണ് ഗുരുതരമായി പരുക്കേറ്റത്. ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്കും പരുക്കേറ്റിട്ടുണ്ട്.

നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരുക്കേറ്റവരെ വളാഞ്ചേരിയിലെയും കോട്ടക്കലിലെയും വിവിധ ആശുപത്രികളിലേക്ക് മാറ്റി.
അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് റോഡ് നനഞ്ഞുകിടന്നതും അപകടത്തിന്റെ ആഘാതം വർധിപ്പിച്ചതായി കരുതുന്നു. അപകടത്തിൽ ബസിന്റെ നടുഭാഗം രണ്ടായി പിളർന്ന നിലയിലാണ്.

