ഹൈദരാബാദ്: വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ സ്വകാര്യ വിമാനക്കമ്പനിയിലെ കാബിൻ ക്രൂ ജീവനക്കാരിയെ കാറിൽവെച്ച് ലൈംഗികമായി ആക്രമിച്ചെന്ന പരാതിയിൽ ടാക്സി ഡ്രൈവർ അറസ്റ്റിൽ. തെലങ്കാനയിലെ രംഗറെഡ്ഡി സ്വദേശിയായ ഇറപോഗു പ്രശാന്ത് കുമാറിനെയാണ് (23) പൊലീസ് അറസ്റ്റ് ചെയ്തത്. ജൂലൈ 20-നായിരുന്നു സംഭവം.
വിമാനക്കമ്പനിക്കായി സർവീസ് നടത്തുന്ന ടാക്സിയിൽ ഷംഷാബാദിൽനിന്ന് ഹൈദരാബാദ് വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെയാണ് 37-കാരി ആക്രമണത്തിനിരയായത്. യാത്രയ്ക്കിടെ ഡ്രൈവർ നിശ്ചിത പാതയിൽനിന്ന് മാറി വാഹനമോടിക്കുകയും വിമാനത്താവളത്തിന് സമീപമുള്ള ആളൊഴിഞ്ഞ സ്ഥലത്ത് കാർ നിർത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
റൂട്ട് മാറ്റിയതും വാഹനം നിർത്തിയതും യുവതി ചോദ്യംചെയ്തപ്പോൾ പ്രാഥമികാവശ്യത്തിനായി പുറത്തുപോകുകയാണെന്നായിരുന്നു ഡ്രൈവറുടെ മറുപടി. എന്നാൽ ഏതാനും മിനിറ്റുകൾക്കുശേഷം തിരിച്ചെത്തിയ ഇയാൾ കാറിന്റെ പിൻവാതിൽ തുറന്ന് അകത്തുകയറുകയും പിൻസീറ്റിലിരുന്ന യുവതിയെ ലൈംഗികമായി ആക്രമിക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതിരോധിച്ച യുവതി പ്രതിയെ തള്ളിമാറ്റി കാറിൽനിന്ന് പുറത്തിറങ്ങി സഹായത്തിനായി നിലവിളിച്ചു. ഇതിനിടെ ഡ്രൈവർ വാഹനവുമായി കടന്നുകളഞ്ഞു. പിന്നീട് വിമാനത്താവളത്തിലെത്തിയ യുവതി പൊലീസ് ഔട്ട്പോസ്റ്റിൽ പരാതി നൽകുകയായിരുന്നു.
കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കുകയും പിറ്റേദിവസം പ്രതിയെ പിടികൂടുകയും ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
വാടക ടാക്സികളിലെ സുരക്ഷാ സംവിധാനങ്ങൾ അടിയന്തരമായി പുനഃപരിശോധിക്കണമെന്ന് പൊലീസ് വിമാനക്കമ്പനിക്ക് നിർദേശം നൽകി. അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ജീവനക്കാരിക്ക് ആവശ്യമായ പിന്തുണ നൽകുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

