
ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്താൻ വിദേശനാണ്യ ശേഖരം ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയോട് 10 ബില്യൺ ഡോളറിന്റെ കറൻസി സഹായം ആവശ്യപ്പെട്ടതായി റിപ്പോർട്ട്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട ചർച്ചകളിൽ മധ്യസ്ഥത വഹിച്ചതിലൂടെ അന്താരാഷ്ട്രതലത്തിൽ കൈവരിച്ച നയതന്ത്ര പ്രാധാന്യം സാമ്പത്തിക നേട്ടമാക്കി മാറ്റാനാണ് ഇസ്ലാമാബാദിന്റെ നീക്കമെന്നാണ് റിപ്പോർട്ട്. അമേരിക്കയിൽനിന്നും മറ്റ് അന്താരാഷ്ട്ര പങ്കാളികളിൽനിന്നും കൂടുതൽ സാമ്പത്തിക പിന്തുണ നേടിയെടുക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റിനെ സമീപിച്ച് അഞ്ചുവർഷ കാലാവധിയുള്ള ‘ബൈലാറ്ററൽ എക്സ്ചേഞ്ച് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ഫെസിലിറ്റി’ പാകിസ്താൻ ആവശ്യപ്പെട്ടതായാണ് വിവരം.
നിർദിഷ്ട സഹായം ലഭിച്ചാൽ പാകിസ്താന്റെ വിദേശനാണ്യ ശേഖരം വർധിപ്പിക്കാനും പാകിസ്താനി രൂപ നേരിടുന്ന സമ്മർദം കുറയ്ക്കാനും സാധിക്കുമെന്നാണ് പ്രതീക്ഷ. രാജ്യത്തിന്റെ ഇറക്കുമതി ആവശ്യങ്ങൾ നിറവേറ്റുന്നതിനും വിദേശ കടബാധ്യതകൾ കൈകാര്യം ചെയ്യുന്നതിനും ഇത് സഹായകരമായേക്കും.
അന്താരാഷ്ട്ര നാണയനിധിയിൽനിന്നുള്ള ഏഴ് ബില്യൺ ഡോളറിന്റെ വായ്പാ പദ്ധതിയുടെ ഭാഗമായി നികുതി വർധനയും കടുത്ത സാമ്പത്തിക നിയന്ത്രണങ്ങളും നടപ്പാക്കുന്നതിനിടെയാണ് പാകിസ്താൻ അമേരിക്കയുടെ സഹായം തേടിയിരിക്കുന്നത്. അതേസമയം, പാകിസ്താന്റെ ആവശ്യത്തോട് അമേരിക്ക ഔദ്യോഗികമായി പ്രതികരിച്ചതായി റിപ്പോർട്ടുകളില്ല.


