
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐക്ക് അനുമതി നൽകിയ കോടതി ഉത്തരവിനെതിരെ കോടതിയെ പഴിചാരിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ ഹൈക്കോടതി കടുത്ത വിമർശനം. കോടതിയലക്ഷ്യ നടപടിയുടെ ഭാഗമായി നേരിട്ട് ഹാജരായ മുൻ കശുവണ്ടി വികസന വകുപ്പ് സെക്രട്ടറിയും നിലവിലെ ഉദ്യോഗസ്ഥനുമായ കെ ബിജു ഐഎഎസ് സമർപ്പിച്ച നിരുപാധിക മാപ്പപേക്ഷ ശരിയായ രീതിയിലല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി അത് മടക്കി.
ജസ്റ്റിസ് എ. ബദറുദീൻ, ആവശ്യമായ തിരുത്തലുകളോടെ പുതിയ സത്യവാങ്മൂലം സമർപ്പിക്കാൻ കെ ബിജുവിന് നിർദേശം നൽകി.

വാദത്തിനിടെ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തം ഓർമ്മിപ്പിച്ച കോടതി, “കോടതിയോട് ഏറ്റുമുട്ടാൻ നിൽക്കരുത്. അങ്ങനെ നിന്നാൽ ഒരു സർക്കാരിനും നിങ്ങളെ രക്ഷിക്കാനാകില്ല. ഉദ്യോഗസ്ഥർക്ക് വ്യക്തിപരമായ സ്വാതന്ത്ര്യം ഉണ്ടായിരിക്കാം. എന്നാൽ സർക്കാരിന്റെ വെറുമൊരു ആയുധമാകരുത്. നിങ്ങൾ ജനങ്ങളെ സേവിക്കാനാണ്, സർക്കാരിന് വേണ്ടി മാത്രം പ്രവർത്തിക്കാനല്ല” എന്ന് വ്യക്തമാക്കി.
വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ “ധീരന് മരണം ഒരിക്കൽ മാത്രമേയുള്ളൂ” എന്ന വാക്കുകൾ ഉദ്ധരിച്ച കോടതി, ഉദ്യോഗസ്ഥർ ആരുടെയും സമ്മർദ്ദത്തിനോ ഭീഷണിക്കോ വഴങ്ങരുതെന്നും ഉത്തരവുകൾ പുറപ്പെടുവിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണമെന്നും ഓർമ്മിപ്പിച്ചു.
വിവാദമായ ഉത്തരവ് പുറപ്പെടുവിക്കാൻ കെ ബിജുവിന് മുഹമ്മദ് ഹനീഷ് ഉപദേശം നൽകിയിരുന്നോയെന്നും കോടതി ചോദിച്ചു. കേസിൽ കോടതിയലക്ഷ്യ നടപടികൾ തുടരുകയാണ്.


