
മനാമ: ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിലെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തി. സിവിൽ ഏവിയേഷൻ അഫയേഴ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, ഏപ്രിലിൽ 76,397 ആയിരുന്ന യാത്രക്കാരുടെ എണ്ണം മേയ് മാസത്തിൽ 487,069 ആയി ഉയർന്നു.
538 ശതമാനത്തിന്റെ വൻ വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് ഏപ്രിൽ മാസത്തിൽ വിമാന സർവീസുകളും വ്യോമപാതയുടെ ഉപയോഗവും സാരമായി ബാധിച്ചിരുന്നു.
ഇറാൻ-യു.എസ് സംഘർഷവും ഗൾഫ് മേഖലയിൽ ഉണ്ടായ ആക്രമണങ്ങളും വ്യോമഗതാഗതത്തെ ബാധിച്ചതാണ് ഏപ്രിലിലെ ഇടിവിന് പ്രധാന കാരണം. എന്നാൽ മേയ് മാസത്തിൽ സ്ഥിതിഗതികൾ സാധാരണ നിലയിലേക്ക് മടങ്ങിയതോടെ ബഹ്റൈന്റെ വ്യോമയാന മേഖല ശക്തമായ തിരിച്ചുവരവ് നടത്തി.
യാത്രക്കാരുടെ വരവിലും പോക്കിലും വലിയ വർധനവാണ് ഈ കാലയളവിൽ ഉണ്ടായത്. ഏപ്രിലിൽ 37,289 പേർ മാത്രമാണ് ബഹ്റൈൻ വിമാനത്താവളത്തിൽ എത്തിയത്. മേയ് മാസത്തിൽ ഇത് 234,124 ആയി ഉയർന്നു.
വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട യാത്രക്കാരുടെ എണ്ണവും ഗണ്യമായി വർധിച്ചു. ഏപ്രിലിൽ 39,108 ആയിരുന്ന പുറപ്പെടുന്ന യാത്രക്കാരുടെ എണ്ണം മേയ് മാസത്തിൽ 252,684 ആയി ഉയർന്നു.
വിമാനങ്ങളുടെ മൊത്തം യാത്രകളും വലിയ തോതിൽ വർധിച്ചു. ഏപ്രിലിൽ 926 വിമാന യാത്രകൾ മാത്രമായിരുന്നപ്പോൾ മേയ് മാസത്തിൽ ഇത് 4,875 ആയി ഉയർന്നു.
ബഹ്റൈന്റെ വ്യോമപാതയിലൂടെ കടന്നുപോയ വിമാനങ്ങളുടെ എണ്ണത്തിലും വലിയ വർധനവുണ്ടായി. ഏപ്രിലിൽ 548 ഓവർ ഫ്ലൈറ്റുകളുണ്ടായിരുന്ന സ്ഥാനത്ത് മേയ് മാസത്തിൽ ഇത് 11,242 ആയി ഉയർന്നു.
വിമാനത്താവളത്തിലെ പുതിയ പാസഞ്ചർ ടെർമിനൽ തുറന്നത് ശേഷി വർധിപ്പിക്കാനും യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുത്താനും സഹായകമായി. ഇതും വ്യോമഗതാഗതം സാധാരണ നിലയിലാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു.
അവധിക്കാല യാത്രകൾ, കുടുംബ സന്ദർശനങ്ങൾ, സീസണൽ ഫ്ലൈറ്റുകൾ എന്നിവ കൂടുന്നതോടെ വരും മാസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ കൂടുതൽ വർധനവ് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു.


