
മനാമ: അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. നയിം ചാരിറ്റി സൊസൈറ്റി “അൽ ഹുസൈൻ മലാഥ്” എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിൻ ആരോഗ്യ മന്ത്രാലയത്തിന്റെ സെൻട്രൽ ബ്ലഡ് ബാങ്കുമായി സഹകരിച്ചാണ് നടക്കുന്നത്.

തുടർച്ചയായ മൂന്നാം വർഷമാണ് അൽ ഹിലാൽ മനാമ സെൻട്രലിൽ ഈ രക്തദാന ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. ആരോഗ്യ, മാനവിക സേവനങ്ങൾക്ക് പിന്തുണ നൽകുകയും രക്തദാനത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ക്യാമ്പയിനിന് വേദിയാകുന്നത്.

രണ്ടുദിവസങ്ങളിലായാണ് ക്യാമ്പയിൻ നടക്കുന്നത്. മുഹറം എട്ടാം ദിനം വനിതാ ദാതാക്കൾക്കായും മുഹറം ഒൻപതാം ദിനം പുരുഷ ദാതാക്കൾക്കായും ക്യാമ്പയിൻ ക്രമീകരിച്ചിട്ടുണ്ട്. ദാതാക്കളുടെ സുരക്ഷയും മികച്ച പരിചരണവും ഉറപ്പാക്കുന്നതിനായി ആരോഗ്യ മന്ത്രാലയവും സെൻട്രൽ ബ്ലഡ് ബാങ്കും ചേർന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.

ചടങ്ങിൽ ആക്ടിംഗ് ചീഫ് ഓഫ് മെഡിക്കൽ സർവീസസ് ഡോ. രാജ അൽ നുഐമി, ക്യാമ്പയിൻ ചെയർമാൻ ഡോ. ഫാദൽ അൽ നഷീത്, വിമൻസ് കമ്മിറ്റി മേധാവി സഹ്റ സൽമാൻ ഈസ, ഡോ. നാദർ അവദ് എന്നിവർ ഉൾപ്പെടെ നിരവധി മെഡിക്കൽ, സാമൂഹിക രംഗത്തെ പ്രമുഖരും ഉദ്യോഗസ്ഥരും സന്നദ്ധപ്രവർത്തകരും പങ്കെടുത്തു.

ദേശീയ രക്തശേഖരം ശക്തിപ്പെടുത്തുന്നതിലും രക്തദാനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിലും ഇത്തരം ക്യാമ്പയിനുകൾ നിർണായക പങ്ക് വഹിക്കുന്നതായും, കരുണ, ഐക്യം, സമൂഹ സേവനം എന്നീ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന മാനവിക സംരംഭമാണിതെന്നും പങ്കെടുത്ത പ്രമുഖർ അഭിപ്രായപ്പെട്ടു.
ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ തുടർച്ചയായ മൂന്നാം വർഷവും സംഘടിപ്പിക്കാൻ കഴിയുന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട്. ജീവൻ രക്ഷിക്കുന്ന ആരോഗ്യ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുകയും സമൂഹ സേവന സംസ്കാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമെന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് സി.ഇ.ഒ ഡോ. ശരത് ചന്ദ്രൻ പറഞ്ഞു.

സംഘടനകളും ആരോഗ്യ സേവനദാതാക്കളും സർക്കാർ സ്ഥാപനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന മികച്ച മാതൃകയാണ് ഈ ക്യാമ്പയിൻ. രക്തദാനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുകയും ജീവൻ രക്ഷിക്കുന്ന മഹത്തായ സേവനത്തിന് പിന്തുണ നൽകുകയും ചെയ്യുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്നും, ക്യാമ്പയിനിൽ പങ്കെടുക്കുന്നവർക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ രക്തദാന അനുഭവം ഉറപ്പാക്കുന്നതിനായി മെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് വിഭാഗങ്ങളെ അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വിന്യസിച്ചിട്ടുണ്ടെന്നും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് – ബിസിനസ് ആൻഡ് സ്ട്രാറ്റജി ആസിഫ് മുഹമ്മദ് പറഞ്ഞു.

ബഹ്റൈൻ സമൂഹത്തിന്റെ ക്ഷേമത്തിനും പൊതുജനാരോഗ്യത്തിനും പിന്തുണ നൽകുന്ന വർഷം മുഴുവൻ നീളുന്ന സാമൂഹിക സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഈ സംരംഭം സംഘടിപ്പിക്കുന്നത്.


