
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാനെ പതിനാറാം കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുത്തു. 35 വർഷങ്ങൾക്ക് ശേഷമാണ് കേരള നിയമസഭയിൽ ഒരു വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. സിപിഐ നേതാവായിരുന്ന ഭാർഗവി തങ്കപ്പൻ 1987 മുതൽ 1991 കേരള നിയമസഭയുടെ ഡെപ്യൂട്ടി സ്പീക്കറായിരുന്നതിനു ശേഷം ഇതാദ്യമായാണ് വനിത ഡെപ്യൂട്ടി സ്പീക്കർ ആകുന്നത്. കേരള നിയമസഭയുടെ നാലാമത്തെ വനിതാ ഡെപ്യൂട്ടി സ്പീക്കറാണ് ഷാനിമോൾ. മുമ്പ് സിപിഐ നേതാവ് കെ ഒ ആയിഷ ബീവി, കോൺഗ്രസ് നേതാവ് നഫീസത്ത് ബീവി എന്നിവരും ഡെപ്യൂട്ടി സ്പീക്കർമാർ ആയിരുന്നു.

ഷാനിമോൾ ഉസ്മാന് 99 വോട്ടുകൾ ലഭിച്ചപ്പോൾ എതിർസ്ഥാനാർഥി സിപിഐ യിലെ മുഹമ്മദ് മുഹസിന് 34 വോട്ടുകളാണ് ലഭിച്ചത്. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വോട്ട് രേഖപ്പെടുത്തിയില്ല. 35 എൽഡിഎഫ് അംഗങ്ങളിൽ സിപിഎം എം എൽ എ സി.കെ ഹരീന്ദ്രനും യുഡിഎഫ് എംഎൽഎമാരായ ആബിദ് ഹുസൈൻ തങ്ങൾ, സന്ദീപ് വാര്യർ എന്നിവരും സഭയിൽ ഹാജരായില്ല. എൻഡിഎയുടെ മൂന്ന് എംഎൽഎമാർ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.


