
തിരുവനന്തപുരം: അവധി ദിവസങ്ങളും രാജ്യവ്യാപക ജീവനക്കാരുടെ പണിമുടക്കും ഒരുമിച്ചെത്തുന്നതോടെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളുടെ പ്രവർത്തനം മെയ് 23 മുതൽ 27 വരെ വ്യാപകമായി തടസപ്പെടും. വ്യാഴാഴ്ചയും ബക്രീദ് അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ ശാഖകളുടെ അടച്ചുപൂട്ടൽ ആറു ദിവസം വരെ നീളാനിടയുണ്ടെന്നാണ് സൂചന.
മെയ് 23, 24 തീയതികളിൽ നാലാം ശനിയാഴ്ചയും ഞായറാഴ്ചയുമായുള്ള പതിവ് ബാങ്ക് അവധികൾ നിലവിലുണ്ട്. ഇതിന് പിന്നാലെ മെയ് 25, 26 തീയതികളിൽ ബാങ്ക് ജീവനക്കാരുടെ രാജ്യവ്യാപക പണിമുടക്കാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്ന് മെയ് 27-ന് ബക്രീദ് പ്രമാണിച്ചുള്ള പൊതുഅവധി കൂടി വരുന്നതോടെ എസ്ബിഐ ശാഖകൾ തുടർച്ചയായി അഞ്ച് ദിവസം പ്രവർത്തനരഹിതമാകുന്ന സാഹചര്യമാണുണ്ടാകുന്നത്.
ബാങ്കിംഗ് സേവനങ്ങളിൽ ഉണ്ടാകാനിടയുള്ള അസൗകര്യങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ ഡിജിറ്റൽ സേവനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തണമെന്ന് എസ്ബിഐ നിർദേശിച്ചു. എ.ടി.എം സേവനങ്ങൾ, കസ്റ്റമർ സർവീസ് പോയിന്റുകൾ (CSPs), ഇന്റർനെറ്റ് ബാങ്കിംഗ്, മൊബൈൽ ബാങ്കിംഗ് പ്ലാറ്റ്ഫോമായ YONO SBI എന്നിവ പ്രവർത്തനക്ഷമമായിരിക്കുമെന്ന് ബാങ്ക് അറിയിച്ചു.
അതേസമയം, ഓൾ ഇന്ത്യ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്റ്റാഫ് ഫെഡറേഷൻ നേതൃത്വത്തിലുള്ള ജീവനക്കാരുടെ സംഘടനയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബാങ്കിലെ സ്ഥിരം ജോലികൾ ഔട്ട്സോഴ്സ് ചെയ്യുന്നതിനെതിരായ പ്രതിഷേധം, ആവശ്യത്തിന് പുതിയ നിയമനങ്ങൾ നടത്താത്തത്, ജീവനക്കാരുടെ സേവന വ്യവസ്ഥകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉൾപ്പെടെ 16 ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.
തുടർച്ചയായ അവധിയും സമരവും ഒരുമിച്ചെത്തുന്നതിനാൽ പണമിടപാടുകൾ, ചെക്ക് ക്ലിയറൻസ്, ശാഖാ സേവനങ്ങൾ തുടങ്ങിയവയിൽ വൈകല്യം നേരിടാൻ സാധ്യതയുള്ളതിനാൽ ഉപഭോക്താക്കൾ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബാങ്കിംഗ് വൃത്തങ്ങൾ നിർദേശിക്കുന്നു.


