
മനാമ: ബഹ്റൈനിൽ ബലിപെരുന്നാളിനോടനുബന്ധിച്ച് നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ സർക്കുലർ പുറത്തിറക്കി. മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് അറഫാ ദിനവും ഈദ് അൽ അദ്ഹ ദിനവും അനുബന്ധിച്ചുള്ള അവധികളും ഉൾപ്പെടുത്തി മെയ് 26 ചൊവ്വാഴ്ച മുതൽ മെയ് 29 വെള്ളിയാഴ്ച വരെയാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച സാധാരണ വാരാന്ത്യ അവധിയായതിനാൽ, അതിന് പകരമായി മെയ് 31 ഞായറാഴ്ചയും പൊതു അവധിയായിരിക്കുമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതോടെ സർക്കാർ മേഖലയിലുള്ള ജീവനക്കാർക്ക് ശനി ഉൾപ്പെടെ തുടർച്ചയായി ആറ് ദിവസത്തെ അവധി ലഭിക്കും. ബലിപെരുന്നാൾ ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കിയ അവധി പ്രഖ്യാപനം പ്രവാസികളുൾപ്പെടെയുള്ള ജനങ്ങൾക്ക് വലിയ ആശ്വാസമായിരിക്കുകയാണ്.


