
തിരുവനന്തപുരം: സുപ്രധാന പ്രഖ്യാപനങ്ങളുമായി വിഡി സതീശന് സര്‍ക്കാരിന്റെ ആദ്യമന്ത്രിസഭാ യോഗം. തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനമായ ഇന്ദിര ഗ്യാരന്റിയിലെ രണ്ട് കാര്യങ്ങള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചു. കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍ ആരംഭിക്കും. അതിന്റെ വിശദാംശങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

വയോജനങ്ങള്‍ക്കായി പ്രത്യേകം വകുപ്പ് രൂപികരിക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു വകുപ്പ് രൂപീകരിക്കുക. ഇത് ഏറ്റവും നന്നായി നടപ്പാക്കിയത് ജപ്പാന് ആണ്. ആ മോഡല്‍ പരിശോധിക്കും. ഒരുസമൂഹം പരിഷ്കൃതസമൂഹത്തിന്റെ അളവുകോല്‍ ആ സമൂഹത്തിലെ മുതിര്‍ന്ന ആളുകളോട് എങ്ങനെ പെരുമാറുന്നു എന്നതാണ്. പ്രായമായവരെ കരുതലോടെ ചേര്‍ത്തുനിര്‍ത്തുന്ന സമീപനം ഉണ്ടാകണം. ആശാവര്‍ക്കര്‍മാര്‍ക്ക് മൂവായിരം രൂപ വര്‍ധിപ്പിക്കും.

അങ്കണവാടി ജീവനക്കാരുടെ വരുമാനത്തില്‍ ആയിരം രൂപ വര്‍ധിപ്പിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യും. പാചകതൊഴിലാളികളുടെ വേതനം ആയിരം രൂപ വര്‍ധിപ്പിച്ചു. ആയമാരുടെയും പ്രീ പ്രൈമറി ടീച്ചര്‍മാരുടെ ഓണറേറിയം ആയിരം രൂപ വര്‍ധിപ്പിച്ചിട്ടുണ്ട്. നിയമസഭയിലെ മുതിര്‍ന്ന അംഗമായ ജി സുധാകരന് പ്രോടേം സ്പീക്കറാകും. ജൈജു ബാബുവിനെ അഡ്വക്കേറ്റ് ജനറലായി നിയമിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ആയി ടി അസഫലിയെ നിയമിച്ചു. നവകേരള യാത്രയിലെ പൊലീസ് മര്‍ദനത്തില്‍ സ്പെഷ്യല്‍ അന്വേഷണം നടത്തും.


