
തിരുവനന്തപുരം: വി ഡി സതീശന് മന്ത്രിസഭയില്‍ അവസാന നിമിഷം വരെ പ്രമുഖന്മാരുടെ പേരുകള്‍ മാറി മറിഞ്ഞ ചര്‍ച്ചകള്‍ക്കൊടുവിൽ ആണ് ഒ ജെ ജനീഷിന്റെ മാസ് എന്‍ട്രി. ഈഴവ പ്രാതിനിധ്യവും തൃശൂര്‍ ജില്ലയ്ക്കുള്ള പരിഗണനയും യുവത്വത്തിന് നല്കിയ മുന്‍ഗണനയും ജനീഷിന് തുണയായി. പുതിയ കാബിനറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ ജനീഷ് സ്വന്തം അധ്വാനത്തില്‍ പടുത്തുയര്‍ത്തര്‍ത്തിയതാണ് ജീവിതം.

അമ്മ തൊഴിലുറപ്പ് തൊഴിലാളിയായിരുന്നു. പെരുമ്പാവൂര്‍ പോളിടെക്നിക്കില്‍ രണ്ടാം വര്‍ഷ ഡിപ്ലോമ വിദ്യാര്‍ഥിയായിരിക്കെയാണ് ചാലക്കുടിയിലെ ബാര്‍ ജീവനക്കാരനായിരുന്ന അച്ഛന് ജനരഞ്ജന്‍ ജോലി സ്ഥലത്ത് കുഴഞ്ഞുവീണു മരിക്കുന്നത്. കുടുംബത്തിന്റെ ഭാരം അമ്മ പുഷ്പയുടെ ചുമലിലായിരുന്നു. തൊഴിലുറപ്പ് ജോലിക്കു പോയി രണ്ട് കുഞ്ഞുങ്ങളെ അമ്മ പുഷ്പ പോറ്റി വളര്‍ത്തി. വീട്ടിലെ ദുരിതം കണ്ടറിഞ്ഞ ജനീഷ് പഠനച്ചെലവിനായി പെരുമ്പാവൂരില്‍ സെക്യൂരിറ്റി ജീവനക്കാരനായും ഇന്റര്‍നെറ്റ് കഫേയിലെ തൊഴിലാളിയായും പാര്‍ട്ട് ടൈം ജോലി ചെയ്തു. ജീവിതസാഹചര്യങ്ങളോട് പടവെട്ടി വന്ന ജനീഷ് ഇന്ന് മന്ത്രിപദം വരെയെത്തിയിരിക്കുകയാണ്.
ജീവിതത്തിലെ കഠിന സാഹചര്യങ്ങളിലും മിടുക്കനായി പഠിക്കാന്‍ മറന്നില്ല ജനീഷ്. കുഴൂര്‍ ഗവണ്മെന്റ് ഹൈസ്കൂളിലും പുത്തന്‍വേലിക്കര വിസിഎസ്എച്ച്എസ്എസിലുമായിരുന്നു സ്കൂള്‍ പഠനം. പെരുമ്പാവൂര്‍ ഗവണ്മെന്റ് പോളിടെക്നിക്കില്‍ നിന്ന് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമയും, തൃശൂര്‍ ഗവണ്മെന്റ് ലോ കോളജില്‍ നിന്ന് ബിബിഎ എല്‍എല്‍ബി ബിരുദവും നേടി. കെഎസ്യുവിലൂടെയാണ് രാഷ്ട്രീയത്തില്‍ സജീവമായത്. പോളിടെക്നിക്കിലെ കെഎസ്യു യൂണിറ്റ് പ്രസിഡന്റായി തുടങ്ങിയ യാത്ര 2007-ല്‍ മാള നിയോജകമണ്ഡലം പ്രസിഡന്റ്, 2012-ല്‍ തൃശൂര്‍ ജില്ലാ വൈസ് പ്രസിഡന്റ്, 2017-ല്‍ ജില്ലാ പ്രസിഡന്റ് എന്നീ പദവികളിലെത്തിച്ചു.

യൂത്ത് കോണ്‍ഗ്രസ് കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം വൈസ് പ്രസിഡന്റായും 2020-23 കാലയളവില്‍ തൃശൂര്‍ ജില്ലാ പ്രസിഡന്റായും തിളങ്ങി. പാലിയേക്കര ടോള്‍ പ്ലാസയ്ക്കെതിരെ ഹൈക്കോടതി മുതല്‍ സുപ്രീം കോടതി വരെ ജനീഷ് നടത്തിയ നിയമയുദ്ധം രാഷ്ട്രീയ കേരളത്തില്‍ വലിയ കയ്യടി നേടിക്കൊടുത്തു. മുന്‍ സര്‍ക്കാരിന്റെ നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി 21 ദിവസം ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്.
2023 മുതല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ജനീഷ്, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് സംസ്ഥാന അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായ കൊടുങ്ങല്ലൂരില്‍ പാര്‍ട്ടി ജനീഷിനെ ഇറക്കുമ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം പോലും അത്ര വലിയ വിജയം പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍, പരമ്പരാഗത വോട്ടുകള്‍ ഉറപ്പിച്ചും ഇടതു വോട്ടുകളില്‍ വിള്ളലുണ്ടാക്കിയും ജനീഷ് നടത്തിയ പ്രചാരണം ഫലം കണ്ടു.

എല്‍ഡിഎഫിലെ അതികായനായ സിപിഐയിലെ വി ആര് സുനില്‍കുമാറിനെ 8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സഭയിലെ പുതുമുഖമായ ജനീഷ് പരാജയപ്പെടുത്തിയത്. ആ പോരാട്ടവീര്യത്തിനുള്ള സമ്മാനമായാണ് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം ജനീഷ് ഇപ്പോള്‍ മന്ത്രിസഭയിലേക്ക് എത്തുന്നത്.
തൃശ്ശൂര്‍ ഗവണ്മെന്റ് ലോ കോളജില്‍ പഠിക്കുമ്പോള്‍ ഭീകരമായ മര്‍ദനമേറ്റ് പലതവണ ആശുപത്രിയിലായി. എങ്കിലും അവകാശപ്പോരാട്ടങ്ങളില്‍നിന്ന് ഒരടിപോലും പിന്നോട്ടുപോയില്ല. നവകേരള സദസ്സിനെതിരേയുള്ള പ്രതിഷേധത്തില്‍ 21 ദിവസം ജയില്‍വാസം അനുഭവിച്ചു. വിവിധ സമരങ്ങളില്‍ പങ്കെടുത്തതിന്റെ പേരില്‍ എഴുപതോളം കേസുകളുണ്ട്.


