
തിരുവനന്തപുരം: കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ പരിഹരിച്ചെന്നും എല്ലാം ശുഭമായി അവസാനിപ്പിച്ചുവെന്നും മുതിര്‍ന്ന നേതാവ് കെ സുധാകരന്. ന്യായമായ എല്ലാ പ്രശ്നങ്ങളും ഉള്‍ക്കൊണ്ടുകൊണ്ട് പരിഹാരം ഉണ്ടാക്കി. ചെന്നിത്തലയുടെ ആവശ്യങ്ങള്‍ പരിഹരിക്കപ്പെട്ടു എന്നാണ് വിശ്വാസം. ചെറിയൊരു പോരായ്മ ഉണ്ടെന്ന് തോന്നുന്നതായും അത് കാലക്രമേണേ തീര്‍ത്തുകൊടുക്കുമെന്നും കോണ്‍ഗ്രസിന് ഒരു പുതിയ മുഖച്ഛായ വന്നെന്നും കെ സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.

കെ സുധാകരനെ കാണുന്നത് എപ്പോഴും സംതൃപ്തി ആണെന്നായിരുന്നു രമേശ് ചെന്നിത്തലയുടെ മറുപടി. മനസിന് വലുപ്പമുള്ള ആളാണ് കെ സുധാകരനെന്നും കേരളത്തിലെ പ്രവര്‍ത്തകരുടെ ആവേശമാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി തര്‍ക്കത്തിനൊടുവില്‍ ആഭ്യന്തര വകുപ്പ് നല്‍കുമെന്ന ഉറപ്പുനല്‍കിയാണ് രമേശ് ചെന്നിത്തലയെ അനുനയിപ്പിച്ചത്. വിഡി സതീശന്-രമേശ് ചെന്നിത്തല കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് തീരുമാനം അറിയിച്ചത്. മന്ത്രിസഭയിലേക്ക് വരണമെങ്കില്‍ ആഭ്യന്തരവകുപ്പ് വേണമെന്ന് രമേശ് ചെന്നിത്തല ആവശ്യം ഉന്നയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് മഞ്ഞുരുക്കം സാധ്യമായത്.


