
ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി വിഷയത്തിൽ ഹൈക്കമാന്‍ഡിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ചര്‍ച്ചകളില്‍ കെ സി വേണുഗോപാലിന് മുന്‍തൂക്കം. മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നോ നാളെയോ ഉണ്ടാകും എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനുള്ള നടപടികള്‍ ഹൈക്കമാൻഡ് വേഗത്തിലാക്കിയിട്ടുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനം ഉണ്ടാകില്ല. മുഖ്യമന്ത്രിയെ നിയമസഭകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനും ആലോചനയുണ്ട്.

ഘടകകക്ഷികള്‍ക്കും വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നാണ് ഹൈക്കമാൻഡ് നേതൃത്വം കരുതുന്നത്. കോൺഗ്രസിന് അവരുടെ മുഖ്യമന്ത്രിയെ തീരുമാനിക്കാം എന്ന നിലപാട് ഘടകകക്ഷികളും ഹൈക്കമാൻഡിനെ അറിയിച്ചുകഴിഞ്ഞു. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത് കേരളത്തിൽ വേണോ ദില്ലിയിൽ വേണോ എന്നതിലും ചര്‍ച്ചകൾ നടക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ നിയമസഭാകക്ഷിയോഗം വിളിച്ച് പ്രഖ്യാപിക്കാനാണ് സാധ്യത. ദില്ലിയിലാണെങ്കിൽ ഖാര്‍ഗെയോ രാഹുല്‍ഗാന്ധിയോ പ്രഖ്യാപിക്കാനാണ് സാധ്യത.


