
ഡെന്‍വര്‍: അമേരിക്കയിലെ ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ടേക്ക് ഓഫിനിടെ ആളെ ഇടിച്ചു തെറിപ്പിച്ച് യാത്രാവിമാനം.

വിമാനത്താവളത്തിലേക്ക് അതിക്രമിച്ചു കടന്നയാളെയാണ് ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് 4345 (എയര്‍ബസ് എ 321) ഇടിച്ചിട്ടത്. ഇടിയുടെ ആഘാതത്തില്‍ ആള് സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് എഞ്ചിനു തീപിടിച്ചു.

‘ഞങ്ങള്‍ ഒരാളെ ഇടിച്ചു, എഞ്ചിനു തീപിടിച്ചു.’ എന്നാണ് ഫ്ലൈറ്റ് 4345 ന്റെ ടേക്ക് ഓഫ് നിര്‍ത്തിയ ശേഷം പൈലറ്റ് കണ്ട്രോള് ടവറിനോട് പറഞ്ഞത്. അപകടത്തെത്തുടര്‍ന്ന് വിമാനം സുരക്ഷിതമായി നിര്‍ത്തി യാത്രക്കാരെ പരിശോധിക്കുകയും ജീവനക്കാര്‍ ഉള്‍പ്പെടെ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്തു.

വിമാനത്തിലുണ്ടായിരുന്ന 224 യാത്രക്കാരെയും വായു നിറച്ച അടിയന്തര സ്ലൈഡുകള്‍ ഉപയോഗിച്ചാണ് ഒഴിപ്പിച്ചത്. എന്നാല്‍ ഒഴിപ്പിക്കലിനിടെ പരിഭ്രാന്തരായി ഇറങ്ങിയോടിയ പന്ത്രണ്ടുയാത്രക്കാര്ക്ക് നിസാരമായ പരിക്കേറ്റതായും ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് അറിയിച്ചു.


