
മനാമ: ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഇന്റര്‍നാഷണല്‍ ബാക്കലറിയേറ്റ് (ഐ.ബി) പ്രോഗ്രാം അവതരിപ്പിക്കുന്നതിനായി വിദ്യാഭ്യാസ മന്ത്രാലയം ഔദ്യോഗിക വെബ്സൈറ്റില്‍ (moe.gov.bh) ഒരു പ്രത്യേക വെബ്പേജ് ആരംഭിച്ചു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രോഗ്രാമിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങള്‍ നല്‍കാനും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി വിദ്യാഭ്യാസ ഫലങ്ങളുടെ വികസനത്തെ പിന്തുണയ്ക്കാനുമാണ് ഇത് ലക്ഷ്യമിടുന്നത്.
പ്രാദേശികമായും അന്തര്‍ദേശീയമായും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനത്തിന് ഐ.ബി. യോഗ്യത നേടുന്നതിന്റെ ഗുണങ്ങള്‍ക്കൊപ്പം പ്രോഗ്രാമിന്റെയും അതിന്റെ വിദ്യാഭ്യാസ ലക്ഷ്യങ്ങളുടെയും ഒരു അവലോകനം വെബ്പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ സ്കൂളുകളില്‍ പരിപാടിയുടെ നടത്തിപ്പ്, അംഗീകൃത പാഠ്യപദ്ധതി, നാമനിര്‍ദ്ദേശ മാനദണ്ഡങ്ങള്‍, നടപടിക്രമങ്ങള്‍, പങ്കെടുക്കുന്ന സ്കൂളുകളുടെ പട്ടിക, കൂടാതെ പ്രോഗ്രാമില്‍ ചേരാന്‍ താല്‍പ്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം എന്നിവയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഏപ്രില്‍ 14 മുതല്‍ 21 വരെയുള്ള രജിസ്ട്രേഷന് കാലയളവ് പാലിച്ചുകൊണ്ട് പ്രോഗ്രാം വിശദാംശങ്ങളും ആവശ്യകതകളും അവലോകനം ചെയ്യാന്‍ മന്ത്രാലയം വിദ്യാര്ത്ഥികകളോടും രക്ഷിതാക്കളോടും അഭ്യര്‍ത്ഥിച്ചു.


